തോട്ടം തൊഴിലാളികൾക്ക് 41 രൂപ വേതന വർധന, തൊഴിൽ പ്രശ്ന പരിഹാരത്തിന് പ്രത്യേക കമ്മിറ്റി; തൊഴിൽ മന്ത്രി
തോട്ടം തൊഴിലുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ പ്രശ്‌നങ്ങളും പരാതികളും സമയബന്ധിതമായി പരിഹരിക്കാൻ ലേബർ കമ്മിഷണറുടെ അധ്യക്ഷതയിൽ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് തൊഴിൽ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പ്രശ്‌നങ്ങൾക്കും പരാതികൾക്കും പുറമെ തൊഴിൽ ക്ഷമതയും ഇൻസെന്റീവ്സ് അടക്കമുള്ള കാര്യങ്ങളും കമ്മിറ്റി വിലയിരുത്തും. തൊഴിലാളി തൊഴിലുടമ പ്രതിനിധികൾ അംഗങ്ങളും അസിസ്റ്റന്റ് ലേബർ കമ്മീഷണർ കൺവീനറുമായ സമിതി മൂന്ന് മാസത്തിലൊരിക്കൽ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
തോട്ടം തൊഴിലാളികളുടെ വേതന വർധന സംബന്ധിച്ച് വിളിച്ചു ചേർത്ത പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ഡിസംബർ മാസത്തെ അടിസ്ഥാനശമ്പളത്തിനൊപ്പം 41 രൂപയുടെ വർധനവ് വരുത്താൻ യോഗത്തിൽ തീരുമാനമായി. 2023 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ വർധനവ് നടപ്പിലാക്കും. തൊഴിലാളികളുടെ സർവീസ് കാലയളവനുസരിച്ച് നിലവിലുള്ള സർവീസ് വെയിറ്റേജിൽ 55 മുതൽ 115 പൈസ വരെ വർധിപ്പിക്കാനും തീരുമാനമായി.
തോട്ടം മേഖല തൊഴിലാളികൾക്കും തോട്ടമുടമകൾക്കും ഒരു പോലെ പ്രയോജനകരമാം വിധം കൂടുതൽ ഉണർവ്വോടെ പ്രവർത്തിക്കുന്നതിനും മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമ്മാണമടക്കം വിപണി സാധ്യതകൾ കണ്ടെത്തുന്നതിനും സർക്കാർതലത്തിൽ പ്രായോഗികമായ പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു.
തോട്ടം മേഖലയിലെ പ്രശ്‌നങ്ങളും വെല്ലുവിളികളും സാധ്യതകളും ചർച്ചചെയ്യുന്നതിനും കണ്ടെത്തുന്നതിനും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള പ്ലാന്റേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അടുത്ത യോഗം ഉടൻ വിളിച്ചു ചേർക്കുന്നതിനും വകുപ്പ്തല സംയോജന പ്രവർത്തനങ്ങളിലൂടെ മേഖലയ്ക്ക് കൂടുതൽ ഊർജ്ജം പകരുന്നതിനുമുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.