അപകീർത്തി കേസിൽ പരമാവധി ശിക്ഷ ലഭിക്കുന്ന ആദ്യ വ്യക്തി താനെന്ന് രാഹുൽ ഗാന്ധി
ന്യൂയോര്‍ക്ക്: അപകീര്‍ത്തി കേസില്‍ പരമാവധി ശിക്ഷ ലഭിക്കുന്ന ആദ്യ വ്യക്തിയാണ് താനെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യു.എസ് സന്ദര്‍ശനത്തിലുള്ള രാഹുല്‍ സ്റ്റാൻഫഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യവെയാണ് പാര്‍ലമെന്റ് അംഗത്വം നഷ്ടമായതിനെ കുറിച്ച് പ്രതികരിച്ചത്. എം.പി സ്ഥാനത്ത് നിന്ന് പുറത്താക്കിയത് പാര്‍ലമെന്റില്‍ ഇരിക്കുന്നതിനേക്കാള്‍ വലിയ അവസരം തനിക്ക് നല്‍കിയെന്ന് ഭാരത് ജോഡോ യാത്രയെ പരാമര്‍ശിച്ച് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍ പ്രതിപക്ഷം പോരാടുകയാണ്. സ്ഥാപനങ്ങളെല്ലാം ബി.ജെ.പി പിടിച്ചെടുത്തു. തങ്ങള്‍ ജനാധിപത്യപരമായി അതിനെതിരെ പോരാടുന്നു. നിയമങ്ങളൊന്നും തങ്ങളെ സഹായിക്കുന്നില്ലെന്ന് കണ്ടതോടെ തങ്ങള്‍ റോഡുകളിലേക്കിറങ്ങി. അതോടെ ഭാരത് ജോഡോ യാത്ര നടന്നെന്നും രാഹുല്‍ പറഞ്ഞു.
രാജ്യത്തെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാൻ വിദേശ സഹായം തേടുകയാണോ എന്ന ചോദ്യത്തോട് താൻ ആരുടെയും പിന്തുണ തേടുകയല്ലെന്നും ഇന്ത്യയില്‍ നിന്നുള്ള യുവ വിദ്യാര്‍ത്ഥികള്‍ ഇവിടെയുണ്ടെന്നും അവരുമായി ആശയവിനിമയം നടത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും രാഹുല്‍ പ്രതികരിച്ചു.
അതേ സമയം, തന്റെ ഫോണ്‍ ഇപ്പോഴും ചോര്‍ത്തപ്പെടുന്നുണ്ടെന്ന് സിലിക്കണ്‍വലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്‌അപ് സംരംഭകരുമായുള്ള സംവാദത്തിനിടെ രാഹുല്‍ ആരോപിച്ചു. ഡേറ്റാ സുരക്ഷ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം.
ഒരാളുടെ ഫോണ്‍ ചോര്‍ത്താൻ ഒരു ഭരണകൂടം തീരുമാനിച്ചാല്‍ ആര്‍ക്കും തടയാനാകില്ലെന്നും താനെന്ത് പറഞ്ഞാലും അത് അപ്പോള്‍ തന്നെ സര്‍ക്കാര്‍ അറിയുന്നുണ്ടെന്ന് താൻ കരുതുന്നതായും രാഹുല്‍ പറഞ്ഞു. തന്റെ ഐഫോണില്‍ നോക്കി ‘ ഹലോ, മിസ്റ്റര്‍ മോദി ‘ എന്ന് തമാശരൂപേണ പറഞ്ഞായിരുന്നു രാഹുലിന്റെ പ്രതികരണം.