മദ്യശാലകൾ അടഞ്ഞു: ഹൈറേഞ്ച് ചാരായലഹരിയിൽ
നെടുങ്കണ്ടം : കോവിഡ് പ്രതിസന്ധിയെ തുടർന്ന് ബാറുകളും വിദേശ മദ്യശാലകളും അടഞ്ഞതോടെ ഹൈറേഞ്ച് മേഖലയിൽ ചാരായവും വ്യാജമദ്യവും വ്യാപകമാവുന്നു. ഉടുമ്പൻചോല എക്‌സൈസ് റേഞ്ചിൽ നിന്ന് 10 ദിവസത്തിനിടെ അഞ്ച് കേസുകളിലായി കണ്ടെത്തിയത് 1200 ലിറ്റർ കോടയും 10 ലിറ്റർ ചാരായവുമാണ്. ചാരായം നിർമിക്കാനുള്ള ഉപകരണങ്ങൾ ഉൾപ്പടെയാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്.
കഴിഞ്ഞ വർഷവും കോവിഡ് കാലത്ത് ജില്ലയിൽ എക്‌സൈസ് പിടികൂടിയ കേസുകളിൽ വർധനയുണ്ടായിരുന്നു. കഞ്ചാവ്-ലഹരിമരുന്ന കേസുകൾ നാമമാത്രമായി ചുരുങ്ങിയെങ്കിലും അബ്കാരി കേസുകളിൽ മൂന്നിരട്ടി വർധനവാണുണ്ടായത്. ഗതാഗതസൗകര്യം കുറഞ്ഞതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അനധികൃത സ്പിരിറ്റിന്റെയും മദ്യത്തിന്റെയും വരവ് കുറഞ്ഞതായാണ് എക്‌സൈസിന്റെ വിലയിരുത്തൽ.
അതിർത്തി ചെക്കുപോസ്റ്റുകളിലും, അതിർത്തി പ്രദേശത്തും പോലീസിന്റെയടക്കം പരിശോധനകൾ കർശനമാക്കിയതുമൂലം തമിഴ്‌നാട്ടിൽ നിന്നുള്ള കഞ്ചാവിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും വരവ് കുറഞ്ഞു. ഈ സാഹചര്യം മുതലാക്കിയാണ് ഹൈറേഞ്ചിലെ ചാരായം വാറ്റ് സംഘങ്ങൾ സജീവമായത്. വാറ്റുകേന്ദ്രങ്ങൾ കണ്ടെത്തി എക്‌സൈസ് സംഘം പരിശോധന നടത്തുന്നുണ്ടെങ്കിലും പലതിലും പ്രതികളെ കണ്ടെത്താനാവുന്നില്ല. ചില കേസുകളിൽ കോവിഡ് പ്രോട്ടോക്കോളിനെത്തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യാതെ വിടുന്നതായും ആക്ഷേപമുണ്ട്. പ്രതികളെ ഒഴിവാക്കുന്നതിനായി ഹൈറേഞ്ചിലെ ചില എക്‌സൈസ് ഉദ്യോഗസ്ഥർ പാരിതോഷികങ്ങൾ കൈപ്പറ്റുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് എക്‌സൈസ് പിടികൂടിയ 70 ശതമാനം കേസുകളിലൂം പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. ഇത്തരത്തിൽ പിടികിട്ടാത്ത പ്രതികളെ കണ്ടെത്തുന്നതിനായി എക്‌സൈസിന്റെയും ഇന്റലിജൻസിന്റെയും നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളും രൂപവത്കരിച്ചിരുന്നു. എന്നിട്ടും ചുരുക്കം കേസുകളിലെ പ്രതികളെ മാത്രമാണ് എക്‌സൈസിന് കണ്ടെത്താനായത്. മദ്യപാനം ആരോഗ്യത്തിന് ഹാനികരം