ഇരുട്ടടി; വൈദ്യുതി ഉപയോക്താക്കളില്‍ നിന്ന് ഇന്നു മുതല്‍ യൂണിറ്റിനു 10 പൈസ കൂടി സര്‍ചാര്‍ജ് ഈടാക്കും
തിരുവനന്തപുരം: വൈദ്യുതി ഉപയോക്താക്കളില്‍ നിന്ന് ഇന്നു മുതല്‍ യൂണിറ്റിനു 10 പൈസ കൂടി സര്‍ചാര്‍ജ് ഈടാക്കും.ഇന്നലെ വരെ യൂണിറ്റിന് 9 പൈസയായിരുന്നു സര്‍ചാര്‍ജ്. 10 പൈസ കൂടി ചേരുന്നതോടെ, സര്‍ചാര്‍ജ് 19 പൈസ ആകും.
യൂണിറ്റിനു പരമാവധി 31 പൈസ വരെ സര്‍ചാര്‍ജ് ഈടാക്കാൻ അനുവദിച്ചിരുന്നത് 19 പൈസ ആയി കുറയ്ക്കാൻ റെഗുലേറ്ററി കമ്മിഷൻ തീരുമാനിക്കുകയായിരുന്നു. നിലവില്‍ രണ്ടു തരം സര്‍ചാര്‍ജ് ആണുള്ളത്. 3 മാസം കൂടുമ്ബോള്‍ കണക്കുകള്‍ റെഗുലേറ്ററി കമ്മിഷൻ പരിശോധിച്ച് അനുവദിക്കുന്നതാണ് ആദ്യത്തേത്. പുതിയ കേന്ദ്രചട്ടങ്ങള്‍ അനുസരിച്ചു ബോര്‍ഡിനു സ്വയം പിരിച്ചെടുക്കാവുന്നതാണു രണ്ടാമത്തെ സര്‍ചാര്‍ജ്.
ആദ്യത്തെ രീതിയിലുള്ള സര്‍ചാര്‍ജ് 9 പൈസ ആണ് ഇന്നലെ വരെ പിരിച്ചിരുന്നത്. ഇന്നു മുതല്‍ ഇതു പരമാവധി 21 പൈസ വരെ കൂട്ടാൻ ബോര്‍ഡിന് അവകാശമുണ്ടെന്നു റഗുലേറ്ററി കമ്മിഷൻ കണ്ടെത്തിയിരുന്നു. ഇതു കൂടാതെ ബോര്‍ഡിനു സ്വമേധയാ പിരിച്ചെടുക്കാവുന്ന രണ്ടാമത്തെ ഇനം സര്‍ചാര്‍ജ് ഇന്നു മുതല്‍ 10 പൈസ കൂടി പിരിച്ചെടുക്കാൻ കമ്മിഷൻ അനുമതി നല്‍കിയിരുന്നു.
ഇതനുസരിച്ച് ഇന്നു മുതല്‍ മൊത്തം 31 പൈസ വരെ സര്‍ചാര്‍ജ് പിരിക്കാം. ഇത് ഉപയോക്താക്കള്‍ക്കു വലിയ സാമ്ബത്തിക ബാധ്യത ഉണ്ടാക്കുന്നതിനാല്‍ ആദ്യത്തെ ഇനം സര്‍ചാര്‍ജ് 21 പൈസയ്ക്കു പകരം നിലവിലുള്ള 9 പൈസ തുടരാനാണു കമ്മിഷന്റെ തീരുമാനം. അങ്ങനെ വരുമ്ബോള്‍ ബോര്‍ഡ് സ്വമേധയാ പിരിച്ചെടുക്കുന്ന സര്‍ചാര്‍ജ് കൂടി ചേര്‍ത്ത് 19 പൈസ ആകും. ഇന്നു മുതല്‍ പിരിക്കുന്ന 9 പൈസയുടെ കണക്ക് ഒക്ടോബറില്‍ കമ്മിഷനു ബോര്‍ഡ് സമര്‍പ്പിക്കണം. ശേഷിക്കുന്ന തുക എങ്ങനെ പിരിക്കണമെന്ന് അപ്പോള്‍ തീരുമാനിക്കും.
കഴിഞ്ഞ ജൂലൈ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ വൈദ്യുതി വാങ്ങിയതിന് അധികം വന്ന ചെലവ് ആയി 30 പൈസയും ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ 14 പൈസയും വേണമെന്നാണു ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ച് 285.04 കോടി രൂപ പിരിക്കാൻ ബോര്‍ഡിന് അര്‍ഹത ഉണ്ടെന്നു കമ്മിഷൻ കണ്ടെത്തിയിരുന്നു.