ഗ്യാൻവാപി കേസ്; പള്ളിക്കമ്മറ്റിയുടെ ഹർജി തള്ളി; പള്ളിക്കുള്ളിൽ ആരാധന അനുവദിക്കണമെന്ന ഹർജി നിലനിൽക്കുമെന്ന് കോടതി
വാരണാസിയിലെ ഗ്യാൻവാപി പള്ളിക്കുള്ളിൽ ആരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകൾ സമർപ്പിച്ച ഹർജി തള്ളണമെന്നാവശ്യപ്പെട്ട് പള്ളിക്കമ്മറ്റി സമർപ്പിച്ച ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. അഞ്ജുമാൻ ഇന്തെസാമിയ പള്ളിക്കമ്മറ്റി സമർപ്പിച്ച ഹർജിയാണ് ബുധനാഴ്ച കോടതി തള്ളിയത്. കോടതി വിധി ഹിന്ദു വിഭാഗത്തിൻ്റെ വലിയ വിജയമാണെന്ന് അവരുടെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇത് ഹിന്ദു വിഭാഗത്തിൻ്റെ വലിയ വിജയമല്ലെന്ന് പള്ളിക്കമ്മറ്റിയുടെ അഭിഭാഷകൻ മുഹമ്മദ് തൗഹീദ് ഖാൻ പറഞ്ഞു. കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പള്ളിക്കുള്ളിൽ ശിവലിംഗം കണ്ടെത്തിയന്ന് അവകാശപ്പെട്ട് അഞ്ച് സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. പള്ളിയിൽ ശിവലിംഗം കണ്ടെത്തിയതിനാൽ പള്ളിക്കുള്ളിൽ ആരാധന അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ക്ഷേത്രം തകർത്താണോ പള്ളി നിർമിച്ചതെന്നറിയാൻ പുരാവസ്തു വകുപ്പ് പരിശോധന നടത്തണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.