ബ്രിജ്ഭൂഷണെതിരെ മതിയായ തെളിവില്ല, അറസ്റ്റ് ചെയ്യാനാകില്ല: ഡല്‍ഹി പൊലീസ്


ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗീകാരോപണത്തില്‍ മതിയായ തെളിവില്ലെന്ന് ഡൽഹി പൊലീസ്. താരങ്ങളുടെ പരാതിയിൽ 15 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. തെളിവ് ലഭിക്കാതെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാകില്ലെന്നും ഡൽഹി പൊലീസ് അറിയിച്ചു. ബ്രിജ് ഭൂഷൻ തെളിവ് നശിപ്പിക്കാനോ പരാതിക്കാരെ സ്വാധീനിക്കാനോ ശ്രമിച്ചിട്ടില്ല. കേസിൽ 15 ദിവസത്തിനുള്ളിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി. കേസിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകാൻ ഗുസ്തി താരങ്ങളും ഇവരെ പിന്തുണക്കുന്ന കർഷക സംഘടനകളും തീരുമാനിച്ചതിന് പിന്നാലെയാണ് ഡൽഹി പൊലീസ് ഇക്കാര്യത്തിൽ പ്രതിയെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുന്നത്.
അതിനിടെ ഗുസ്തി താരങ്ങൾ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഡൽഹിയിൽ ഇന്ത്യാ ഗേറ്റിന് സമീപം കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്. ഗുസ്തി താരങ്ങൾ ഇവിടെ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി.
താരങ്ങളോടുള്ള സമീപനം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും പക്ഷപാതരഹിതമായ അന്വേഷണം വേണമെന്നും ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി ആവശ്യപ്പെട്ടു. ഗുസ്തി താരങ്ങളുമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി പ്രതിനിധികൾ ഉടൻ ചർച്ച നടത്തും.