ഇടമലക്കുടിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും : മന്ത്രി കെ. രാധാകൃഷ്ണൻ
കേരളത്തിലെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഇടമലക്കുടിയിലേക്കുള്ള കോൺക്രീറ്റ് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഗോത്രവർഗ്ഗ മേഖലകളിൽ വിദ്യാഭ്യാസ – ആരോഗ്യ – ഗതാഗത രംഗത്ത് സമഗ്രവും സുസ്ഥിരവുമായ വികസനം സർക്കാർ നയമാണ്. ഇടമലക്കുടിയിൽ റോഡ് വരികയും ഗതാഗത സൗകര്യം സാധ്യമാകുകയും ചെയ്യുന്നതോടെ ഗ്രാമപഞ്ചായത്ത്, ആശുപത്രി, സ്കൂൾ തുടങ്ങിയവയുടെ പ്രവർത്തനം കാര്യക്ഷമമാകും. ഒന്നര വർഷം കൊണ്ട് റോഡിന്റെ നിർമ്മാണം പൂർത്തികരിക്കാനാണ് ലക്ഷ്യമെന്നും ഇതിനോടൊപ്പം തന്നെ ഇഡലിപ്പാറക്കുടി – സൊസൈറ്റിക്കുടി റോഡിന്റെ നിർമ്മാണവും ആരംഭിക്കും . ഇതിനുള്ള ഭരണാനുമതി ലഭിച്ചു കഴിഞ്ഞു. ഈ അധ്യയന വർഷം തന്നെ ഇടമലക്കുടി എൽ പി സ്കൂൾ യു പി സ്കൂളാക്കി ഉയർത്തും. ഗോത്രസമൂഹത്തിന്റെ വികസനത്തിനാവശ്യമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. ഇത് ശരിയായ വിധം വിനിയോഗിക്കാൻ ഗോത്രസമൂഹവും, വിവിധ വകുപ്പുകളും യോജിച്ച് പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
പെട്ടിമുടി മുതല്‍ ഇഡ്ഡലിപ്പാറക്കുടി വരെ 7.7 കിലോമീറ്റര്‍ ദൂരത്തിൽ 13.70 കോടി രൂപ ചിലവഴിച്ചാണ് വനത്തിലൂടെ കോൺക്രീറ്റ് റോഡ് നിര്‍മ്മിക്കുന്നത്.
പട്ടികവര്‍ഗ വികസന വകുപ്പ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് മൂന്ന് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കുക.
പെട്ടിമുടി മുതല്‍ ഇടലിപ്പാറക്കുടി വരെ 7.7 കിലോമീറ്റര്‍, തുടര്‍ന്ന് സൊസൈറ്റിക്കുടി വരെ 4.75 കിലോമീറ്റര്‍ എന്നിങ്ങനെ രണ്ട് ഘട്ടമായാണ് നിര്‍മാണം.
കൂടാതെ അപകട സാധ്യതയുള്ള ഭാഗങ്ങളിൽ സംരക്ഷണ ഭിത്തിയും, ആവശ്യമായ സ്ഥലങ്ങളിൽ കലുങ്കും, ഐറിഷ് ഓടയുമടക്കം ആധുനിക നിലവാരത്തിലാണ് റോഡ് നിർമ്മിക്കുന്നത്.
ഇടമലക്കുടിയിലേക്ക് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള പ്രവൃത്തികളും പുരോഗമിക്കുകയാണ്. 4.37 കോടി ചെലവില്‍ മൂന്നാറില്‍ നിന്നും 40 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിച്ചാണ് കണക്റ്റിവിറ്റി ഒരുക്കുന്നത്.
ബി എസ് എന്‍ എല്ലിനാണ് നിര്‍മാണ ചുമതല.
റോഡും നെറ്റ് കണക്റ്റിവിറ്റിയും പൂര്‍ത്തിയാകുന്നതോടെ പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും ഇടമലക്കുടിയിലേക്ക് മാറ്റാന്‍ കഴിയും. നിലവില്‍ കുടിയില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെ ദേവികുളത്താണ് പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
2008 ല്‍ സ്പീക്കറായിരിക്കെ കെ.രാധാകൃഷ്ണന്‍ ഇടമലക്കുടി സന്ദര്‍ശിച്ചിരുന്നു.
തുടര്‍ ചര്‍ച്ചകളുടെ ഫലമായാണ് മൂന്നാര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡ് മാത്രമായിരുന്ന ഇടമലക്കുടിയെ 2010 ല്‍ സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്താക്കി മാറ്റിയത്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവും കഴിഞ്ഞ വ്യാഴാഴ്ച ഇടമലക്കുടിയില്‍ നടന്നിരുന്നു.
106 ചതുരശ്ര കിലോമീറ്റര്‍ വനത്തിനുള്ളില്‍ 24 കുടികളിലായി മുതുവാന്‍ വിഭാഗക്കാരായ 806 കുടുംബങ്ങളാണ് പഞ്ചായത്തിലുള്ളത്. ആകെ ജനസംഖ്യ 2255.
മന്ത്രി കെ. രാധാകൃഷ്ണന്റെ സന്ദർശനം ഇടമലക്കുടിക്ക് പുതിയ പ്രതീക്ഷ പകർന്നു നൽകി. ഊരുമൂപ്പൻമാരും ജനപ്രതിനിധികളും അടക്കം ഗോത്ര സമൂഹം ആവേശത്തോടെയാണ് മന്ത്രിയെ വരവേറ്റത്. അങ്കണവാടിയിലെ കുട്ടികൾക്കൊപ്പം സമയം ചിലവഴിച്ച മന്ത്രി കുടിയിൽ നിന്ന് ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.
ഇഡ്ഡലിപ്പാറക്കുടിയില്‍ സംഘടിപ്പിച്ച യോഗത്തിൽ അഡ്വ. എ രാജ എം എൽ എ അധ്യക്ഷത വഹിച്ചു. ഇടമലക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ ആനന്ദറാണി ദാസ് , ഭവ്യ കണ്ണൻ, സി. രാജേന്ദ്രൻ, മോഹൻദാസ് , ശിവമണി, ഷൺമുഖം, പട്ടിക വർഗ്ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ കൃഷ്ണപ്രകാശ്, ഇടുക്കി ഐറ്റിഡിപി പ്രൊജക്ട് ഓഫീസർ ജി. അനിൽകുമാർ, ഇടുക്കി പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ പ്രസാദ് സി.കെ, ഇടമലക്കുടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാർ, അടിമാലി ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ നജീം എസ്.എ എന്നിവർ സംസാരിച്ചു.