‘പാർലമെന്റ് ഉദ്ഘാടനം മതപരമായ ചടങ്ങാക്കി, കേന്ദ്രസർക്കാർ തന്നെ ജനാധിപത്യത്തിന് ഭീഷണിയാകുന്നു’; മുഖ്യമന്ത്രി
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മതപരമായ ചടങ്ങ് പോലെയായിരുന്നു ഉദ്ഘാടനം. പൊതുവേദിയിൽ സർക്കാരിൽ നിന്ന് ഉണ്ടാകേണ്ട കാര്യമല്ല നടന്നത്. കേന്ദ്രസർക്കാർ തന്നെ ജനാധിപത്യത്തിന് ഭീഷണിയാകുന്നു. ജനാധിപത്യം പുലരാൻ ആഗ്രഹിക്കുന്നവരല്ല ആർഎസ്എസ് എന്നും മുഖ്യമന്ത്രി. നമ്മുടേത് ഒരു മതേതര രാജ്യമാണ്. നമ്മുടെ രാജ്യം ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ജനാധിപത്യത്തിന് നിരവധി ഭീഷണികൾ നിലനിൽക്കുന്ന കാലമാണിത്. ജനാധിപത്യം പുലരാൻ ആഗ്രഹിക്കുന്നവരല്ല ഇന്ന് രാജ്യം ഭരിക്കുന്നത്. മതഗ്രന്ഥങ്ങളെ ദേശീയ ഗ്രന്ഥങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. രാജ്യത്തെ മതരാഷ്ട്രമാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. അതാണ് ഇന്ന് പാർലമെന്റിൽ കണ്ടതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
നമ്മുടെ പൗരത്വം മതത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. എന്നാൽ, ഇതിനെ അട്ടിമറിച്ച് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നു. മതന്യൂനപക്ഷങ്ങൾ രാജ്യത്ത് വേട്ടയാടപ്പെടുന്നു. എല്ലാം തങ്ങളുടെ കാൽക്കീഴിലായിരിക്കണമെന്ന നിർബന്ധമാണ് മോദി സർക്കാരിന്. ജുഡീഷ്യറിയെ പോലും കാൽക്കീഴിലാക്കാൻ ശ്രമിച്ചവരാണ്. പാർലമെന്റിന് ശരിയായി പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയിലാക്കുന്നു. നമ്മുടെ പാർലമെന്റിന്റെ പ്രവർത്തനം ബിജെപി തടസ്സപ്പെടുത്തുകയാണ്. പാർലമെന്റ് സമ്മേളനത്തിൽ സംവാദം നടക്കുന്നില്ലെന്നും മുഖ്യമന്ത്രി.
“സംസ്ഥാനങ്ങൾ തൃപ്തരാകണമെങ്കിൽ അതിനുള്ള പ്രവർത്തനം കേന്ദ്രം ചെയ്യണം. സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം കവരുന്നു. കാലവർഷവും വെള്ളപ്പൊക്കവും നിപ്പയും ഓഖിയും നമ്മൾ നേരിട്ടിട്ടുണ്ട്. കേരളം ഇതിനെ എങ്ങനെ അതിജീവിക്കും എന്ന ആശങ്ക പലർക്കും ഉണ്ടായിരുന്നു. ഫണ്ടിന് വല്ലാതെ ഞെരുങ്ങുന്ന സർക്കാരാണ് നമ്മുടേത്. കേന്ദ്രം ആവശ്യമായ സഹായം നൽകിയില്ല. സഹായത്തിന് ചില രാജ്യങ്ങളിൽ പോകാനുള്ള മന്ത്രിമാരുടെ നീക്കവും കേന്ദ്രം തടഞ്ഞു”- മുഖ്യമന്ത്രി തുടർന്നു.
പക്ഷേ ലോകം കേരളത്തിന്റെ അതീജീവന മാതൃകയെ അംഗീകരിച്ചു. കേരളത്തെ ശ്വാസം മുട്ടിക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഫെഡറലിസത്തിന്റെ തത്ത്വങ്ങൾ ലംഘിച്ചാണ് കേന്ദ്രത്തിന്റെ പോക്ക്. 2014 തൊട്ട് ഇങ്ങോട്ടുള്ള ഇന്ത്യയുടെ ചരിത്രം പരിശോധിക്കണം. ആർഎസ്എസുമായി ബന്ധപ്പെട്ട തൊഴിലാളി സംഘടനയ്ക്ക് പോലും തങ്ങളുടെ എതിർപ്പ് പ്രകടിപ്പിക്കേണ്ടി വന്നു. തൊഴിലില്ലായ്മ അപമാനകരമായ നിലയിലാണ്. കോർപ്പറേറ്റ് ചങ്ങാതികളുടെ താത്പര്യമാണ് കേന്ദ്രം സംരക്ഷിക്കുന്നത്. മനുഷ്യാവകാശ ധ്വംസനങ്ങൾ തുടർക്കഥയാകുന്നു എന്നും പിണറായി വിജയൻ.