ഗ്രാമങ്ങളിൽ ആശങ്കയായി ആനയും കാട്ടുപോത്തും
കാന്തല്ലൂരിലെ കൃഷിയിടങ്ങളിൽ വന്യമൃഗങ്ങൾ വിഹരിക്കുകയാണ്. രാപകൽ ഭേദമെന്യേ ജനവാസ മേഖലയിൽ എത്തുന്ന ആനയും കാട്ടുപോത്തും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആയിരിക്കുകയാണ്. കഴിഞ്ഞദിവസം രാത്രിയോടുകൂടി കീഴാന്തൂർ ഗ്രാമത്തിലെ വീടുകൾക്ക് സമീപം എത്തിയ മൂന്നു കൊമ്പന്മാർ അടങ്ങുന്ന കാട്ടാനക്കൂട്ടം പ്രദേശവാസികളെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി. മരങ്ങളും മറ്റും നശിപ്പിച്ചു. തലേദിവസം വൈകിട്ട് 4 മണിയോടുകൂടി എത്തിയ കാട്ടുപോത്തുംകൂട്ടവും ആശങ്ക പടർത്തിയിരുന്നു.
പകൽ പോലും ഗ്രാമങ്ങളിലെത്തുന്ന അക്രമകാരികളായ വന്യ മൃഗങ്ങൾ കാരണം കൃഷിപ്പാടങ്ങളിൽ പോലും ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ കീഴാന്തൂരിലെ കർഷകർ നേരിടുന്നത്. ഇവിടെ വ്യാപക കൃഷി നാശവും പതിവാണ്. പ്രധാനമായും വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കുന്ന വെട്ടുകാട് ഭാഗത്ത് റോഡിലൂടെയുള്ള യാത്രികർക്ക് നേരെയും ആക്രമണശ്രമവും പതിവാണ്. നിലവിൽ കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി വന്യമൃഗങ്ങൾ തുടരുന്ന സാഹചര്യത്തിൽ വനാതിർത്തി കടന്ന് ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയുവാനുള്ള നടപടി വനംവകുപ്പ് സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.