വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ കഴിയാത്തത് ഭരണവീഴ്ച:വര്‍ഗീസ് വെട്ടിയാങ്കല്‍
ചെറുതോണി: വന്യമൃഗശല്യം തടയാന്‍ നടപടികളുണ്ടാകുമെന്ന പ്രഖ്യാപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാത്തത് സര്‍ക്കാരിന്‍റെ ഭരണവീഴ്ചയാണെന്ന് കേരളാ കോണ്‍ഗ്രസ് കര്‍ഷകയൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് വര്‍ഗീസ് വെട്ടിയാങ്കല്‍.
എരുമേലിയില്‍ 2 പേരും കൊല്ലത്ത് ഒരാളും കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ മരിച്ചത് വേദനാജനകമായ സംഭവമാണ്. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും ദേശവാസികളുടെ ദു:ഖങ്ങളില്‍ കര്‍ഷകയൂണിയന്‍ പങ്കുചേരുന്നു.
സംസ്ഥാനത്തെ വനാതിര്‍ത്തികളോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ കടുവ, കാട്ടാന, കാട്ടുപന്നി, പുലി, കുരങ്ങന്‍, കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ മൂലം മനുഷ്യജീവനും വീടും കൃഷികളും നഷ്ടപ്പെടുകയാണ്. അരിക്കൊമ്പന്‍ ആനയെ മാറ്റിയതുകൊണ്ട് വന്യമൃഗശല്യം അവസാനിച്ചു എന്നു ചിന്തിക്കുന്നവര്‍ വസ്തുതകള്‍ മനസ്സിലാക്കാത്തവരാണ്.
വന്യജീവികളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കണം. വന്യമൃഗ ആക്രമണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ നടത്തുന്ന സമരങ്ങള്‍ക്ക് കര്‍ഷകയൂണിയന്‍ പിന്തുണ പ്രഖ്യാപിച്ചു. അതാതുപ്രദേശങ്ങളിലെ സംസ്ഥാന-ജില്ലാ-നിയോജകമണ്ഡലം നേതാക്കള്‍ സമരങ്ങളില്‍ പങ്കാളികളാകുമെന്ന് സംസ്ഥാന പ്രസിഡന്‍റ് വര്‍ഗീസ് വെട്ടിയാങ്കല്‍ അറിയിച്ചു.