വനാതിർത്തി വിട്ട് പുറത്തുവരുന്ന വന്യമൃഗങ്ങളെ വെടിവയ്ക്കുന്നതിനുള്ള അനുമതി ജനങ്ങൾക്ക് നൽകാൻ സർക്കാർ തയ്യാറാകണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു
കാട്ടുപോത്തും കടുവയും ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയതിനു ശേഷം കളക്ടറുടെ അനുമതി വാങ്ങി വെടിവയ്ക്കാൻ കാത്തിരുന്നാൽ മനുഷ്യ ജീവിതങ്ങൾ ഇനിയും നഷ്ടമാകുവാൻ കാരണമാകും. ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് ധനസഹായം നൽകുന്നതുകൊണ്ട് കുടുംബത്തിന് ഉണ്ടാകുന്ന നഷ്ടവും ദുഃഖവും പരിഹരിക്കുവാൻ കഴിയില്ല. വന്യമൃഗങ്ങൾ മുഖേന കൃഷിക്കുണ്ടാകുന്ന നാശത്തിന് നഷ്ടപരിഹാരം നൽകുന്നതുപോലെ മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നതിനെ ധനസഹായം നൽകി പരിഹരിക്കാമെന്ന ഗവൺമെന്റിന്റെ കാഴ്ചപ്പാട് പ്രതിഷേധാർഹമാണ്. വന്യമൃഗങ്ങൾക്ക് കൊടുക്കുന്ന പ്രാധാന്യം പോലും മനുഷ്യനു നൽകുന്നില്ലയെന്നത് വലിയ വിരോധാഭാസമാണ്. ജനങ്ങൾക്ക് സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്തേണ്ട സർക്കാർ, മൃഗങ്ങളുടെ സംരക്ഷണത്തിനും അവയുടെ പരിപാലനത്തിനും ആണ് ശ്രദ്ധ നൽകുന്നത് ഈ നിലപാട് മാറ്റുവാൻ തയ്യാറായില്ലെങ്കിൽ വലിയ ബഹുജനപ്രക്ഷോഭത്തിനെ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.