വൈദ്യുതി ഉപയോഗം റെക്കോർഡിൽ; പ്രതിദിനം വാങ്ങുന്നത് ആറ് ലക്ഷം യൂണിറ്റ് വൈദ്യുതി; അധികച്ചെലവ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാനുറച്ച് കെഎസ്ഇബി
വേനൽ കടുത്തതോടെ കേരളത്തിൽ വൈദ്യുതി ഉപയോഗം റെക്കോർഡ് തകർത്ത് മുന്നോട്ട്. വേനൽ ചൂടിനെ തരണം ചെയ്യാൻ ദിവസേന ആറ് ലക്ഷം യൂണിറ്റ് വിലകൂടിയ വൈദ്യുതി കൂടി വാങ്ങാനുള്ള തയ്യാറെടുപ്പുകളിലാണ് വൈദ്യുതിബോർഡ്. പുതിയ നിരക്കിൽ വൈദ്യുതി വാങ്ങാൻ ബുധനാഴ്ച സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വൈദ്യുതിബോർഡിന് അനുമതി നൽകി.
യൂണിറ്റിന് 9.26 രൂപയ്ക്കുള്ള വൈദ്യുതിക്കാണ് കമ്മിഷൻ അംഗീകാരം നൽകിയത്. യൂണിറ്റിന് 4.15 രൂപയ്ക്കുള്ള ദീർഘകാല കരാർ ചട്ടം ലംഘിച്ചതിനാൽ റദ്ദാക്കണമെന്ന ഉത്തരവിന് പിന്നാലെയാണിത്.
മേയ് 31 വരെയുള്ള ഉപയോഗത്തിന് 150 മെഗാവാട്ട് വൈദ്യുതിക്കാണ് ബോർഡ് ടെൻഡർ വിളിച്ചത്. എന്നാൽ രണ്ട് കമ്പനികളേ വന്നുള്ളൂ. എൻ.ടി.പി.സി. വിദ്യുത് വ്യാപാർനിഗം ലിമിറ്റഡ് 50 മെഗാവാട്ട് വൈദ്യുതി 9.26 രൂപയ്ക്കും മണികരൺ പവർ ലിമിറ്റഡ് 100 മെഗാവാട്ട് 12 രൂപയ്ക്കും വാഗ്‌ദാനം ചെയ്തു. അധികച്ചെലവ് സർചാർജായി ഉപഭോക്താക്കളിൽനിന്ന് ഈടാക്കും.