പിടിച്ചെടുക്കാനുറച്ച് കോൺഗ്രസ്: സോണിയ ഗാന്ധി ഇന്ന് കർണാടകയിൽ
ബെംഗളൂരു: തെരഞ്ഞെടുപ്പ് പോരാട്ടം ചൂട് പിടിച്ച കര്‍ണാടകയില്‍ ഇന്ന് സോണിയ ഗാന്ധി പ്രചാരണത്തിനെത്തും. അനാരോഗ്യത്തെ തുടര്‍ന്ന് ഏറെനാളായി പൊതുവേദികളില്‍ നിന്ന് വിട്ടുനിന്ന സോണിയ കൂടി എത്തുന്നതോടെ, അവസാന ലാപ്പില്‍ മേല്‍ക്കൈ നേടാം എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.പ്രധാനമന്ത്രി നരേന്ദ്രമോദി ബെംഗളൂരു നഗരത്തില്‍ ഇന്നും നാളെയുമായി നടത്തുന്ന റോഡ് ഷോയിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
സംസ്ഥാനത്തെ പ്രാദേശിക വിഷയങ്ങളില്‍ തുടങ്ങി, ദേശീയ രാഷ്ട്രീയ വിഷയങ്ങളും, അഴിമതിയാരോപണങ്ങളും വിവാദങ്ങളും, നേതാക്കള്‍ തമ്മിലുള്ള വാക്പോരുകൊണ്ടും കര്‍ണാടക തെരഞ്ഞെടുപ്പ് രംഗത്തെ പ്രചാരണം സമീപകാല തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും വാശിയേറിയതാണ്. മിക്ക മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ആദ്യഘട്ട പ്രചാരണത്തില്‍ മേല്‍ക്കൈ നേടിയപ്പോള്‍, ദേശീയ നേതാക്കളെ ഇറക്കി, വിവാദ വിഷയങ്ങളില്‍ ഊന്നി ബി.ജെ.പിയും, പ്രചാരണ ട്രാക്കില്‍ ഒപ്പമെത്തി.
ഇനി അവസാന ലാപ്പിലേക്കാണ്, രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ആവേശകരമായ റാലികളിലൂടെയും പ്രസംഗത്തിലൂടെയും കര്‍ണാടകയുടെ ഗ്രാമങ്ങളില്‍ വോട്ടുറപ്പിക്കുമ്ബോള്‍, സോണിയ ഗാന്ധിയുടെ വരവും കോണ്‍ഗ്രസിന് ഊര്‍ജമാവും. ഇന്ന് ഉച്ചയോടെ കര്‍ണാടകയില്‍ എത്തുന്ന സോണിയാ ഗാന്ധി, വൈകിട്ട് ഹുബ്ബള്ളിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. അനാരോഗ്യത്തെ തുടര്‍ന്ന് പഞ്ചാബ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ സോണിയ പ്രചാരണരംഗത്ത് ഉണ്ടായിരുന്നില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നും നാളെയുമായി ബംഗളൂരു നഗരത്തില്‍, റോഡ് ഷോ നടത്തും. 17 നിയമസഭാ മണ്ഡലങ്ങളുടെ യാത്ര ചെയ്യുന്ന മുപ്പത്തിയാറര കിലോമീറ്റര്‍ ദൂരത്തിലാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ. എന്നാല്‍ റോഡ് ഷോ നടക്കുന്ന സാഹചര്യത്തില്‍ ബെംഗളൂരു നഗരത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ജനജീവിതം സ്തംഭിപ്പിക്കുന്ന തരത്തില്‍ നഗരത്തില്‍ നടത്തുന്ന നിയന്ത്രണങ്ങള്‍ ഏകാധിപത്യത്തിന്റെ ഭാഗമാണെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.