ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച സര്‍ക്കാരാണിത്- മന്ത്രി റോഷി അഗസ്റ്റിന്‍


*എന്റെ കേരളം പ്രദര്‍ശന-വിപണനമേളയ്ക്ക് കൊടിയിറങ്ങി
ഇടുക്കി ജില്ലയുടെ വികസനകാര്യത്തില്‍ നാടിനോട് ചേര്‍ന്നു നില്‍ക്കുന്ന സര്‍ക്കാരാണിതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വാഴത്തോപ്പ് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ സംഘടിപ്പിച്ച ‘എന്റെ കേരളം’ പ്രദര്‍ശന-വിപണനമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയുടെ വികസനമാറ്റങ്ങളെ ജനപക്ഷത്ത് എത്തിക്കുന്നതിന് മേള വഴി കഴിഞ്ഞു. ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാന്‍ കഴിഞ്ഞ സര്‍ക്കാരാണിത്. സമാനതകളില്ലാത്ത വളര്‍ച്ചയാണ് വികസനകാര്യത്തില്‍ സംഭവിക്കുന്നത്. മലയോര മേഖലയായ ഇടുക്കി ജില്ലയുടെ വികസനകാര്യത്തില്‍ സര്‍ക്കാരിന്റെ പിന്തുണ നാടിന്റെ താല്‍പര്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷന്‍ ലോകത്തിന് തന്നെ മാതൃകയാക്കാനാവുന്ന പദ്ധതിയാണെന്നും ജില്ലയില്‍ മാത്രം 16,944 വീടുകള്‍ ജില്ലയില്‍ നിര്‍മിച്ചു കൊടുക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുവിദ്യാഭ്യാസ രംഗത്തും ഉന്നതവിദ്യാഭ്യാസ രംഗത്തും വലിയ മാറ്റങ്ങള്‍ സംഭവിച്ചു. അസാപ്പിന്റെ നേതൃത്വത്തിലുള്ള സ്‌കില്‍ പാര്‍ക്ക് ഇടുക്കിയില്‍ എത്തിക്കാന്‍ ശ്രമം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എം.എം മണി എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജനക്ഷേമ പരിപാടികളും പ്രവര്‍ത്തനമികവുമാണ് എല്‍ഡിഎഫ് സര്‍ക്കാരിനെ മികച്ച ഭൂരിപക്ഷത്തോടെ രണ്ടാമതും അധികാരത്തിലെത്തിച്ചത്. ലൈഫ് പദ്ധതിയില്‍ ഒന്നാം ഗവണ്‍മെന്റും രണ്ടാം ഗവണ്മെന്റും ലക്ഷക്കണക്കിന് ഭവനരഹിതര്‍ക്ക് വീട് നല്‍കി. ഭൂപ്രശ്‌നങ്ങളെ അതീവ ഗൗരവത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നോക്കികാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിളംബരഘോഷയാത്രയിലെ മികച്ച പങ്കാളിത്തം, പ്രദര്‍ശന മേളയിലെ മികച്ച സ്റ്റാളുകള്‍ക്കുള്ള പുരസ്‌കാരം എന്നിവ മന്ത്രി സമ്മാനിച്ചു. നിര്‍മാണം പൂര്‍ത്തീകരിച്ച നാല് ലൈഫ് മിഷന്‍ വീടുകളുടെ താക്കോല്‍ ദാനം മന്ത്രി റോഷി അഗസ്റ്റിനും എംഎം മണി എംഎല്‍എയും ചേര്‍ന്ന് നിര്‍വഹിച്ചു.
ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സത്യന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങളായ എം ലത്തീഫ്, മിനി ജേക്കബ്, ഡിറ്റാജ് ജോസഫ്, പ്രഭാ തങ്കച്ചന്‍, നിമ്മി ജയന്‍, ടി ഇ നൗഷാദ്, രാജു ജോസഫ്, വിവിധ കക്ഷി രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രതിനിധികളായ കെ കെ ശിവരാമന്‍, ജോസ് പാലത്തിനാല്‍, സി എം അസീസ്, അനില്‍ കൂവപ്ലാക്കല്‍, പ്രിന്‍സ് മാത്യു, പി കെ ജയന്‍, സാജന്‍ കുന്നേല്‍, ജോസ് കുഴികണ്ടം, കെ.വി കുര്യാക്കോസ്, ശ്രീലേഖ സി തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിനോദ് ജി എസ് നന്ദി പറഞ്ഞു.
*974 ലൈഫ് ഭവനങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു*
ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ലൈഫ് വ്യക്തിഗത ഭവനങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ നാല് ഗുണഭോക്താക്കള്‍ക്കുള്ള താക്കോല്‍ കൈമാറ്റവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. ജില്ലയിലെ ലൈഫ് 2020 -ലെ പുതിയ വീടുകളുടെ ഉടമ്പടി പ്രഖ്യാപനവും ഇതോടൊപ്പം നിര്‍വഹിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഭൂമിയുള്ള ഭവനരഹിതര്‍ ഉള്‍പ്പെടുന്ന രണ്ടാംഘട്ടം, ഭൂരഹിതരുടെ പട്ടികയില്‍ നിന്ന് ഭൂമി ആര്‍ജ്ജിച്ചവരുടെ മൂന്നാംഘട്ടം, പട്ടികജാതി/ പട്ടികവര്‍ഗ/ മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ അധിക പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍, ലൈഫ് 2020 എന്നീ വിഭാഗങ്ങളിലായി 974 ഭവനങ്ങളാണ് പൂര്‍ത്തീകരിച്ചത്. ജില്ലയില്‍ ആകെ 16,944 വീടുകള്‍ ഇതുവരെ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
പൂര്‍ത്തീകരണ പ്രഖ്യാപനത്തിന്റെ ഭാഗമായി വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് ശങ്കൂരിക്കല്‍ കൃഷ്ണമ്മ മുരുകേശന്‍, പതിനാലാം വാര്‍ഡ് കലായതോളില്‍ ബിന്‍സി അഭിലാഷ്, ഒന്നാം വാര്‍ഡ് തകരപ്പിള്ളില്‍ ജോയ്‌സ് തോമസ്, ആറാം വാര്‍ഡ് പുത്തന്‍പുരക്കല്‍ ഭാരതി ചന്ദ്രന്‍ എന്നിവര്‍ക്കാണ് താക്കോല്‍ കൈമാറിയത്.