മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം മെയ് 5ന്


പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം നാളെ .
വര്‍ഷത്തില്‍ ഒരിക്കല്‍ ചിത്രാപൗര്‍ണ്ണമി നാളില്‍ മാത്രം ഭക്തര്‍ക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം കേരളവും തമിഴ്നാടും സംയുക്തമായാണ് നടത്തുന്നത്. ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ ഉത്സവനാളില്‍ കേരളം, തമിഴ്നാട് ശൈലികളിലെ പൂജകളാണ് നടത്തുന്നത്. അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്. രാവിലെ ആറു മണി മുതല്‍ ഒന്നാം ഗേറ്റിലൂടെ ഭക്തരെ കയറ്റിവിടും. ഉച്ചക്ക് 2.30 ന് ശേഷം ആരെയും മലമുകളിലേക്ക് കയറ്റിവിടില്ല. പുലര്‍ച്ചെ നാലു മണി മുതല്‍ ഇരുസംസ്ഥാനങ്ങളിലെയും പൂജാരിമാര്‍, സഹകര്‍മ്മി, പൂജാസാമഗ്രികളുമായി വരുന്നവര്‍ എന്നിവരെ ക്ഷേത്രത്തിലേക്കു കടത്തിവിടും. അഞ്ചു മണിക്ക് ആറു ട്രാക്ടറുകളിലായി ഭക്ഷണവും കയറ്റിവിടും. വൈകിട്ട് 5.30 ന് ശേഷം ക്ഷേത്രപരിസരത്ത് ആരെയും തുടരാന്‍ അനുവദിക്കില്ല.
ഡിസ്‌പോസബിള്‍ പാത്രങ്ങളില്‍ കുടിവെള്ളമോ മറ്റു ഭക്ഷണമോ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ല. മദ്യം, മാംസ ഭക്ഷണം എന്നിവയും അനുവദിക്കില്ല. ഓഫ് റോഡ് ജീപ്പ് പോലെയുള്ള നാലുചക്ര വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. ഇരുചക്ര വാഹനങ്ങള്‍ അനുവദിക്കില്ല.
ഇരു സംസ്ഥാനങ്ങളുടെയും ആര്‍ടിഒമാര്‍ ഫിറ്റ്‌നസ് പരിശോധിച്ച വാഹനത്തില്‍ സ്റ്റിക്കര്‍ പതിപ്പിക്കണം. ഉത്സവദിവസം വാഹനങ്ങളില്‍ അമിതമായി ആളെ കയറ്റാന്‍ അനുവദിക്കില്ല. കുമളി ബസ്സ്റ്റാന്‍ഡ്, അമലാംമ്പിക സ്‌കൂള്‍, കൊക്കരകണ്ടം എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പരിശോധിക്കും. ഒന്നാം ഗേറ്റിലും ക്ഷേത്രപരിസരത്തും കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ് എന്നീ സൗകര്യങ്ങളോടെ കൊക്കരകണ്ടത്ത് ദുരന്തലഘൂകരണ യൂണിറ്റ് പ്രവര്‍ത്തിക്കും. പ്രഥമശുശ്രൂഷ നല്‍കാന്‍ മെഡിക്കല്‍ സംഘം, കാര്‍ഡിയോളജിസ്റ്റ് എന്നിവരുടെ സേവനവും അഞ്ച് ആംബുലന്‍സുകളും മല മുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്ലാസ്റ്റിക് ബോട്ടിലുകളില്‍ കുടിവെള്ളം അനുവദിക്കില്ല. അഞ്ച് ലിറ്റര്‍ ക്യാന്‍ ഉപയോഗിക്കാം. 13 പോയിന്റുകളില്‍ കുടിവെള്ളം ഒരുക്കും. മദ്യം, മറ്റ് ലഹരിപദാര്‍ത്ഥങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ അനുവദിക്കില്ല.
മാധ്യമപ്രവര്‍ത്തകര്‍ക്കും രാവിലെ ആറുമണി മുതലായിരിക്കും പ്രവേശനം അനുവദിക്കുക. ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നല്‍കിയിട്ടുള്ള ലിസ്റ്റ് പരിശോധിച്ച ശേഷമാകും അധികാരികള്‍ പ്രവേശനം അനുവദിക്കുക. സ്ഥാപനം അനുവദിച്ചിട്ടുള്ള ഫോട്ടോ ഐ.ഡി കാര്‍ഡ് കൈയില്‍ കരുതണം. പ്രത്യേകമായി പാസ് ഇഷ്യൂ ചെയ്യുന്നില്ല. ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും ഐഡി കാര്‍ഡ് ധരിച്ചിരിക്കണം. മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ താല്‍ക്കാലിക ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഇത്തവണ സജ്ജീകരിച്ചിട്ടുണ്ട്. ഒരു തരത്തിലുള്ള മാലിന്യവും വനത്തില്‍ നിക്ഷേപിക്കരുത്.
ചിത്രം:
പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രം