ഇടുക്കി മേപ്പാറയിൽ ഓട്ടോ റിക്ഷ മറിഞ്ഞ് തമിഴ്നാട് സ്വദേശിനിയായ വീട്ടമ്മ മരിച്ചു

ഇടുക്കി മേപ്പാറയിൽ ഓട്ടോ റിക്ഷ മറിഞ്ഞ് തമിഴ്നാട് സ്വദേശിനിയായ വീട്ടമ്മ മരിച്ചു. മേപ്പാറയിലെ സ്വകാര്യ എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന തമിഴ്നാട് ബോഡി സ്വദേശിനി സെൽവി രാമകൃഷ്ണനാണ് (53) മരിച്ചത്.ഇന്ന് ഉച്ച കഴിഞ്ഞാണ് അപകടം ഉണ്ടായത്.തമിഴ്നാട്ടിൽ മരണാന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം കട്ടപ്പനയിൽ നിന്ന് തിരികെ മേപ്പാറയിലെ വാടക വീട്ടിലേയ്ക്ക് പോകും വഴി മുല്ലയ്ക്കൽ തണ്ടിൽ വച്ചാണ് അപകടം നടന്നത്. കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ ഓട്ടോയുടെ മുൻവശം പൊങ്ങി പിറകിലേയ്ക്ക് മറിയുകയായിരുന്നു.ഓട്ടോയുടെ അടിയിൽ കുടുങ്ങിയ സെൽവിയെ പുറത്തെടുത്ത് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോയിൽ ഡ്രൈവറെ കൂടാതെ സെൽവിയുടെ ഭർത്താവ് രാമകൃഷ്ണനും മറ്റൊരാളുമുണ്ടായിരുന്നു. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും .