56 ചോദ്യങ്ങൾ ചോദിച്ചു, എല്ലാം വ്യാജം; അരവിന്ദ് കേജ്‌രിവാൾ
ന്യൂഡല്‍ഹി: സിബിഐ തന്നോട് 56 ചോദ്യങ്ങളാണ് ചോദിച്ചതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സിബിഐ തനിക്ക് മുന്നില്‍ അവതരിപ്പിച്ച എല്ലാ കാര്യങ്ങളും വ്യാജമാണെന്നും കേസ് തന്നെ വ്യാജമാണെന്നും ചോദ്യം ചെയ്യലിന് ശേഷം പ്രതികരിക്കവെ കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.മദ്യനയ അഴിമതി കേസില്‍ സാക്ഷിയായാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. ഒമ്ബത് മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്.
മദ്യലോബിക്ക് അനുകൂലമായി മദ്യനയം രൂപീകരിച്ചെന്നായിരുന്നു എഎപി സര്‍ക്കാരിനെതിരെയുളള അന്വേഷണ ഏജന്‍സികളുടെ ആരോപണം. എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന കെജ്‌രിവാളിന്റെ മുന്‍ ഡെപ്യൂട്ടി മനീഷ് സിസോദിയയും മദ്യനയ അഴിമതി കേസില്‍ കഴിഞ്ഞ മാസം അറസ്റ്റിലായിരുന്നു.
തങ്ങളുടെ പക്കല്‍ നിന്ന് കേസുമായി ബന്ധപ്പെട്ട ഒന്നും സിബിഐക്ക് ലഭിച്ചിട്ടില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ‘മദ്യനയം നിലവില്‍ വന്ന 2020 മുതല്‍ അതിന്റെ അവസാനം വരെയുള്ള എല്ലാ കാര്യങ്ങളും സിബിഐ എന്നോട് ചോദിച്ചു. കേസ് കെട്ടിച്ചമച്ചതാണ്.സത്യസന്ധതയാണ് ഞങ്ങളുടെ പ്രത്യയശാസ്ത്രം. മരിക്കാന്‍ വരെ തയ്യാറാണ് എന്നാല്‍ വിട്ടുവീഴ്ച ചെയ്യില്ല. അവര്‍ ഇതെല്ലാം ചെയ്യുന്നത് ഞങ്ങളെയും ഞങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളെയും അപകീര്‍ത്തിപ്പെടുത്താനാണ്. ഇപ്പോള്‍ ഞങ്ങള്‍ ഒരു ദേശീയ പാര്‍ട്ടിയായി. അതിനാലാണ് അവര്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഇന്ന് നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും’, കെജ്‌രിവാള്‍ പറഞ്ഞു.
കെജ്‌രിവാളിനെ സിബിഐ ചോദ്യം ചെയ്തുകൊണ്ടിരിക്കെ, അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്ന ആശങ്കയില്‍ എഎപി ഇന്നലെ വൈകുന്നേരം മുതിര്‍ന്ന നേതാക്കളുടെ അടിയന്തര യോഗം വിളിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിബിഐ ഓഫീസിന് സമീപം പ്രതിഷേധിച്ചതിന് രാഘവ് ഛദ്ദ, സഞ്ജയ് സിംഗ് ഉള്‍പ്പെടെയുള്ള എഎപി നേതാക്കളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യല്‍ കഴിഞ്ഞ് കെജ്‌രിവാള്‍ പുറത്തിറങ്ങിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.
സമീപകാലത്ത് ഭരണത്തിലിരിക്കവെ ഒരു മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് എത്തുന്നത് ആദ്യമായാണ്. എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സിബിഐ ആസ്ഥാനത്തിന് ചുറ്റും കനത്ത സുരക്ഷയാണ് ഡല്‍ഹി പൊലീസ് ഒരുക്കിയിരുന്നത്.
കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി പ്രതിപക്ഷ പാര്‍ട്ടികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായ വിമര്‍ശനങ്ങള്‍ ശക്തിപ്പെടുന്നതിനിടെയാണ് മദ്യനയ അഴിമതി കേസില്‍ കെജ്‌രിവാളിനെ സാക്ഷിയാക്കി സിബിഐ സമന്‍സ് അയച്ചത്. വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കെജ്‌രിവാളിന് പിന്തുണ അറിയിച്ചിട്ടുണ്ട്.