ഉത്പാദനം കുത്തനെയിടിഞ്ഞു എരിഞ്ഞ് കാന്താരി വില

വേനലിൽ ഹൈറേഞ്ചിലെ ഉത്പാദനം ഇടിഞ്ഞതോടെ കാന്താരി വില ഇരട്ടിയായി. നവംബറിൽ 250 രൂപ വില ലഭിച്ചുകൊണ്ടിരുന്ന പച്ചക്കാന്താരിയുടെ വില 500 ആയും 700 രൂപ ലഭിച്ചിരുന്ന ഉണങ്ങിയ കാന്താരിയുടെ വില 1400 രൂപയായും ഉയർന്നു. വേനലിൽ ഹൈറഞ്ചിലെ കാന്താരി കൃഷി നശിച്ചതാണ് വില കുത്തനെ ഉയരാൻ കാരണം.
ഏതാനും വർഷങ്ങളായി ഹൈറേഞ്ചിൽ വീട്ട് പരിസരത്ത് കാന്താരി കൃഷി ചെയ്യുന്നവരുടെ എണ്ണം വർധിച്ചിരുന്നു. മികച്ച വിളവ് ലഭിക്കുന്ന തൈകളുടെ ലഭ്യതും കുറഞ്ഞ പരിചരണവുമാണ് വീട്ടമ്മമാർ ഉൾപ്പെടെ കാന്താരി കൃഷിയിലേക്ക് തിരിയാൻ കാരണം. ഇതോടെ കാന്താരി തൈയ്യുടെ വിൽപന ഉയർന്നിട്ടുണ്ടെന്ന് കാർഷിക നഴ്സറിയുടമകളും അവകാശപ്പെട്ടിരുന്നു. വിദ്യാർഥികളും വീട്ടമ്മമാരും നഴ്സറിയിലെത്തി തൈകൾ വ്യാപകമായി വാങ്ങിയിരുന്നു. മുൻ വർഷങ്ങളിൽ 20 രൂപയ്ക്ക് ഒരു തൈ മാത്രം ലഭിയ്ക്കുന്ന കൂട തൈകൾ വിറ്റിരുന്ന സ്ഥാനത്ത് ചെലവേറിയതോടെ 80 തൈകൾ ഉൾപ്പെടുന്ന സൈറ്റുകളും കൂടുതലായി നഴ്‌സറികളിൽ നിന്നും ചെലവായിരുന്നു. എന്നാൽ വേനൽ കടുത്തതോടെ തൈകൾക്കും ചെലവ് കുറഞ്ഞു. ഉത്പാദനം ഇടിഞ്ഞതോടെ ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ പുറത്തു നിന്നും എത്തുന്ന വ്യാപാരികളാണ് കാന്താരി വിതരണം ചെയ്യുന്നത്.
വേനൽ മഴയിൽ കൃഷി തളിർക്കും
മാർച്ച് അവസാനവും ഏപ്രിൽ ആദ്യ ആഴ്ച്ചയും ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽമഴ ലഭിച്ചിരുന്നു. ഇത് കാന്താരി കൃഷിക്ക് അനുകൂല ഘടകമാകുമെന്നാണ് കർഷകർ പറയുന്നത്. വേനൽമഴ ശക്തമായാൽ ഉത്പാദനം പഴയ നിലയിലേക്ക് ഉയരുമെന്ന് വ്യാപാരികളും പറയുന്നു.
കാന്താരി എത്തുന്നത് പുറത്തു നിന്നും
വേനലിൽ കൃഷി നശിച്ചതോടെ പ്രാദേശിക കർഷകർ കട്ടപ്പന കമ്പോളത്തിൽ കാന്താരി എത്തിക്കാറില്ല. പുറത്തു നിന്നെത്തുന്ന വ്യാപാരികളായാണ് ആശ്രയിക്കുന്നത്.