ഹൈമാസ്റ്റ് ലൈറ്റ് താഴേക്ക് പതിച് ഒരാൾ മരിച്ചു, 3 പേർക്ക് പരിക്ക്. അപകടം തിരുവനന്തപുരം എയർ പോർട്ടിൽ


തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.പേട്ട സ്വദേശി അനില്‍കുമാറാണ് (48) മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു ഹൈ മാസ്റ്റ് ലൈറ്റ് താഴേക്ക് പതിച്ച് അപകടമുണ്ടായത്.
വിമാനത്താവളത്തിനുള്ളില്‍ റണ്‍വേയ്ക്ക് സമീപമുള്ള ഹൈ മാസ്റ്റ് ലൈറ്റിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയായിരുന്നു അപകടം. റണ്‍വേയ്ക്ക് സമീപമുള്ള ഹൈ മാസ്റ്റ് ലൈറ്റ് അഴിച്ച് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുവേണ്ടി ഇരുമ്ബു വടം ഉപയോഗിച്ച് ലൈറ്റ് താഴേയ്ക്ക് ഇറക്കുന്നതിനിടെ വടം പൊട്ടുകയായിരുന്നു. ഇതോടെ വലിയ ഭാരമുള്ള ലൈറ്റിന്റെ പാനല്‍ അനില്‍കുമാറിന്റെ തലയില്‍ വന്ന് ഇടിച്ചു.
സംഭവസ്ഥലത്ത് വെച്ചുതന്നെ അനില്‍കുമാര്‍ മരിച്ചതായാണ് വിവരം. അപകടത്തില്‍ അനിലിനോടൊപ്പം ജോലിചെയ്തിരുന്ന നോബിള്‍, അശോക്, രഞ്ജിത്ത് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.