മുഖ്യമന്ത്രി സോണ്‍ടയുടെ ഗോഡ്ഫാദര്‍, സിബിഐ അന്വേഷണം വേണം: ടോണി ചമ്മണി
കൊച്ചി: മുഖ്യമന്ത്രി സോൺടയുടെ ഗോഡ്ഫാദറാണെന്ന് കൊച്ചി മുൻ മേയർ ടോണി ചമ്മണി. 2019 ൽ മുഖ്യമന്ത്രി നെതർലാൻഡ്സ് സന്ദർശന വേളയിൽ സോൺട കമ്പനിയുമായി ചർച്ച നടത്തിയിരുന്നു. ഇതനുസരിച്ചാണ് സോൺടക്ക് എല്ലാ മാലിന്യ പ്ലാന്‍റുകളുടെയും കരാർ ഒരൊറ്റ ടെൻഡറായി നൽകിയത്. സി.ബി.ഐ അന്വേഷണം വേണമെന്നും ടോണി ചമ്മണി ആവശ്യപ്പെട്ടു.
യു.ഡി.എഫ് ഭരണകാലത്ത് കൊണ്ടുവന്ന ടെൻഡർ യോഗ്യതകൾ അട്ടിമറിച്ചെന്നും ടോണി ചമ്മണി ആരോപിച്ചു. സോൺട കമ്പനിക്ക് വേണ്ടി ടെൻഡർ യോഗ്യതയിൽ മാറ്റം വരുത്തി. മുഖ്യമന്ത്രിക്ക് സോൺട കമ്പനിയുമായി ആഴത്തിലുള്ള ബന്ധമുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ടോണി ചമ്മണി ആവശ്യപ്പെട്ടു.
സർക്കാർ ബ്രഹ്മപുരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും അട്ടിമറിയ്ക്കാൻ ശ്രമിക്കുകയാണ്. വിജിലൻസ് അന്വേഷണം കുറ്റക്കാരെ സംരക്ഷിക്കാൻ വേണ്ടിയുള്ളയതാണെന്നും, കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിനാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്നും ടോണി ചമ്മണി പറഞ്ഞു.