ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാൻ നീക്കം; പൊലീസും പിടിഐ പ്രവർത്തകരും തമ്മിൽ സംഘർഷം
ലഹോർ: തോഷാഖാന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‌രികെ-ഇൻസാഫ് പാർട്ടി നേതാവുമായ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങി ഇസ്ലാമാബാദ് പോലീസ്. ഇമ്രാൻ ഖാന്‍റെ ലാഹോറിലെ വസതിക്ക് സമീപം ഇസ്ലാമാബാദ് പോലീസ് എത്തി. ഇമ്രാന്‍റെ വീട്ടിലേക്കുള്ള എല്ലാ റോഡുകളും കണ്ടെയ്നറുകൾ സ്ഥാപിച്ച് പോലീസ് തടഞ്ഞു.
അറസ്റ്റ് തടയാൻ പിടിഐ പ്രവർത്തകർ അദ്ദേഹത്തിന്‍റെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്. പ്രവർത്തകർ പോലീസിന് നേരെ കല്ലെറിഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഇമ്രാൻ ഖാൻ കള്ളക്കേസിൽ പോലീസിന് മുന്നിൽ കീഴടങ്ങില്ലെന്ന് മുതിർന്ന പിടിഐ നേതാവ് ഫാറൂഖ് ഹബീബ് മാധ്യമങ്ങളോട് പറഞ്ഞു. “വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ കേസിലെ അറസ്റ്റ് വാറന്റുകൾ ഇസ്‌ലാമാബാദ് ഹൈക്കോടതി ഇന്നു സസ്‌പെൻഡ് ചെയ്തിരുന്നു. പോലീസ് കൊണ്ടുവന്ന പുതിയ വാറന്‍റുകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം,” ഹബീബ് പറഞ്ഞു. തോഷാഖാന കേസുമായി ബന്ധപ്പെട്ട് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് സംഘം എത്തിയതെന്ന് ഇസ്ലാമാബാദ് പോലീസ് അറിയിച്ചു.