ഏഷ്യൻ ഗെയിംസിൽ മത്സരിക്കാനാണ് ശ്രമം, ശേഷം വിരമിക്കും: മേരി കോം


ന്യൂഡൽഹി: സെപ്റ്റംബറിൽ ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ മത്സരിക്കാനാണ് ശ്രമമെന്നും അത് തന്‍റെ അവസാന പ്രധാന ചാമ്പ്യൻഷിപ്പായിരിക്കാമെന്നും ബോക്സിങ് മുൻ വനിതാ ലോക ചാമ്പ്യൻ മേരി കോം. കഴിഞ്ഞ വർഷം കോമൺവെൽത്ത് ഗെയിംസ് സെലക്ഷൻ മത്സരത്തിനിടെ പരിക്കേറ്റ മേരി കോം കുറച്ചുകാലമായി മത്സരരംഗത്തുണ്ടായിരുന്നില്ല.
“പരിക്ക് ഗുരുതരമായിരുന്നു. ശസ്ത്രക്രിയ ആവശ്യമായിരുന്നു. ഈ വർഷം കൂടിയേ എനിക്ക് മുന്നിലുള്ളൂ. അടുത്ത വർഷം വിരമിക്കേണ്ടി വരും.” നാളെ മുതൽ 26 വരെ ഡൽഹിയിൽ നടക്കുന്ന ഇന്ത്യൻ വനിതാ ബോക്സിംഗ് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ജഴ്സി അവതരിപ്പിക്കുന്ന വേദിയിൽ മേരി കോം പറഞ്ഞു.
ബോക്സിംഗിൽ 40 വയസ്സ് വരെ അന്താരാഷ്ട്ര തലത്തിൽ മത്സരിക്കാം. മണിപ്പൂർ സ്വദേശിനിയായ മേരി കോമിന് നവംബറിൽ 41 വയസ് തികയും. “ഞാൻ വിരമിക്കാൻ ആഗ്രഹിക്കുന്നില്ല. അഞ്ച് വർഷം കൂടി മത്സരിക്കാൻ ആഗ്രഹമുണ്ട്. എന്നാൽ നിബന്ധനകൾ അനുവദിക്കില്ല,”മേരി കോം പറഞ്ഞു.