തമാശയായി പറഞ്ഞത്; പാലം ഉദ്ഘാടന വിവാദത്തിൽ വിശദീകരണവുമായി പഞ്ചായത്തംഗം ഷീജ
തിരുവനന്തപുരം: പാലം ഉദ്ഘാടന വിവാദത്തിൽ വിശദീകരണവുമായി പഞ്ചായത്തംഗം ഷീജ. നെടുമങ്ങാട് പഴകുറ്റി പാലം ഉദ്ഘാടനത്തിന് എത്തിയില്ലെങ്കിൽ കുടുംബശ്രീ അംഗങ്ങൾ 100 രൂപ പിഴയടയ്ക്കണമെന്നത് തമാശയായി പറഞ്ഞതാണെന്ന് ഷീജ പറഞ്ഞു. ശബ്ദസന്ദേശം വിവാദമായ സാഹചര്യത്തിലാണ് പഞ്ചായത്തംഗത്തിന്‍റെ വിശദീകരണം.
20 വർഷമായി കുടുംബശ്രീയിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് താൻ. തൻ്റെ ഒരു സൗഹൃദ ഗ്രൂപ്പിൽ ഒരു സന്ദേശം അയച്ചു. എല്ലാവരും പങ്കെടുക്കണം. സന്ദേശം കേൾക്കുന്ന എല്ലാവർക്കും മനസ്സിലാകും. അവസാനം, കളിയായിട്ട് ചിരിച്ചുകൊണ്ടാണ് ഫൈനിന്റെ കാര്യം പറഞ്ഞത്. അതിന് മറ്റൊരു അർത്ഥം ഇല്ല. താൻ കളിയായിട്ട് പറഞ്ഞതാണെന്നും ഷീജ പറഞ്ഞു.
മന്ത്രിമാർ പങ്കെടുക്കുന്ന പാലത്തിന്‍റെ ഉദ്ഘാടനത്തിന് എത്തിയില്ലെങ്കിൽ കുടുംബശ്രീ അംഗങ്ങളിൽ നിന്ന് 100 രൂപ പിഴ ഈടാക്കുമെന്ന് വാർഡ് അംഗം കുടുംബശ്രീ അംഗങ്ങൾക്ക് അയച്ച ശബ്ദസന്ദേശം ഇന്നലെ പുറത്തുവന്നിരുന്നു. അന്നേ ദിവസം മറ്റ് പരിപാടികളെല്ലാം മാറ്റിവയ്ക്കണമെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.