ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം; ബ്രഹ്മപുരം വിഷയത്തിൽ കെ.സുധാകരന്‍
തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തം തലമുറകളോളം നീളുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നതിനാൽ ദുരിതബാധിതർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തുമ്പോൾ പുറത്തുവരുന്ന വിഷപ്പുക മൂലമുണ്ടാകുന്ന ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങൾ ഗുരുതരമാണ്. തീപിടിത്തത്തിന്‍റെ പ്രത്യാഘാതങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. ഇത് മനുഷ്യന്‍റെ ശ്വസനവ്യവസ്ഥയെയും നാഡീവ്യൂഹത്തെയും ഭാവി തലമുറയേയും ബാധിക്കുന്ന ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ക്യാൻസർ, ഹൃദ്രോഗം, ചർമ്മ രോഗങ്ങൾ, വന്ധ്യത, ആസ്ത്മ, ഗർഭസ്ഥ ശിശുക്കളിൽ വൈകല്യം എന്നിവയ്ക്കും ഇത് കാരണമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഭോപ്പാൽ വാതക ദുരന്തത്തിന് സമാനമാണ് ബ്രഹ്മപുരത്തെ തീപിടിത്തവും. സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും കൊച്ചി മുനിസിപ്പാലിറ്റിയുമാണ് ഇതിന് ഉത്തരവാദികൾ. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ബ്രഹ്മപുരം നിവാസികൾക്ക് നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാരിന് ബാധ്യതയും ഉത്തരവാദിത്തവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.