തുല്യവേതനം ലഭിക്കുന്നത് ഇതാദ്യമായി: മനസ് തുറന്ന് പ്രിയങ്ക ചോപ്ര
ഓസ്റ്റൻ: അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ, എൻഡ് ഗെയിം തുടങ്ങിയ ഹോളിവുഡ് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റുസ്സോ ബ്രദേഴ്സ് നിർമ്മിക്കുന്ന ആമസോൺ പ്രൈം വീഡിയോയുടെ വെബ് സീരീസ് സിറ്റാഡലിന്‍റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആക്ഷൻ സ്പൈ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ പരമ്പരയിൽ ഗെയിം ഓഫ് ത്രോൺസിൽ റോബ് സ്റ്റാർക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റിച്ചാർഡ് മാഡനും അഭിനയിക്കുന്നുണ്ട്.
6 എപ്പിസോഡുകളുള്ള ആദ്യ സീസണിന്‍റെ ആദ്യ 2 എപ്പിസോഡുകൾ ഏപ്രിൽ 28 ന് പ്രൈം വീഡിയോയിൽ പ്രദർശിപ്പിക്കും. മെയ് 26 വരെ ഓരോ ആഴ്ചയും ഓരോ എപ്പിസോഡ് വീതം റിലീസ് ചെയ്യും. ലോകമെമ്പാടുമുള്ള 240 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ‘സിറ്റഡൽ’ ലഭ്യമാകും. ഇപ്പോൾ സിറ്റഡലിലെ അഭിനയത്തിന് ലഭിച്ച പ്രതിഫലത്തെക്കുറിച്ചുള്ള പ്രിയങ്കയുടെ കമന്‍റ് വൈറലാകുകയാണ്.
സൗത്ത് ബൈ സൗത്ത് വെസ്റ്റ് ഫിലിം ഫെസ്റ്റിവലിൽ ആമസോൺ സ്റ്റുഡിയോ മേധാവി ജെന്നിഫർ സാൽക്കെയുമായി നടത്തിയ സംഭാഷണത്തിലാണ് പ്രിയങ്ക ചോപ്ര തന്‍റെ പ്രതിഫലത്തെക്കുറിച്ച് മനസ് തുറന്നത്. ‘താൻ 22 വർഷമായി അഭിനയ രംഗത്ത് വന്നിട്ട്. ഏകദേശം 70-ലധികം സിനിമകളിലും രണ്ട് ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് തനിക്ക് തുല്യവേതനം ലഭിക്കുന്നത്,’ പ്രിയങ്ക പറഞ്ഞു. ആമസോണ്‍ സ്റ്റുഡിയോ ഇത് താങ്കള്‍ അര്‍ഹിക്കുന്നു എന്ന് പറഞ്ഞാണ് പ്രതിഫലം നല്‍കിയത്. ഒരു പക്ഷെ ആമസോൺ സ്റ്റുഡിയോയുടെ മേധാവി ഒരു സ്ത്രീ ആയതിനാലാവാം ഇതെന്നും പ്രിയങ്ക പറഞ്ഞു.
എന്നാൽ ആരാണെങ്കിലും ഇങ്ങനെ തന്നെയാവും പെരുമാറുക എന്നാണ് ആമസോൺ സ്റ്റുഡിയോസ് മേധാവി ജെന്നിഫർ സാൽകെ പ്രതികരിച്ചത്.