ആക്രമിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്; അഡ്വ.ഷുക്കൂറിന്‍റെ വീടിന് പൊലീസ് സംരക്ഷണം
കാസര്‍കോട്: ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അഡ്വ.ഷുക്കൂറിന്‍റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം. മുസ്ലിം പിന്തുടർച്ചാവകാശ നിയമപ്രകാരം പെൺമക്കൾക്ക് മുഴുവൻ സ്വത്തവകാശവും ലഭിക്കണമെന്ന നിലപാടിന്‍റെ ഭാഗമായി ഇന്നലെ ഭാര്യ ഷീനയെ ഇദ്ദേഹം വീണ്ടും വിവാഹം കഴിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ചിലർ വധഭീഷണി മുഴക്കിയത്.
നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂർ സർവകലാശാലയിലെ നിയമ വിഭാഗം മേധാവി ഷീനയും വീണ്ടും വിവാഹിതരായത് ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ബുധനാഴ്ച രാവിലെ 10.15ന് ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. വിവാഹത്തിന്‍റെ 28-ാം വാർഷികത്തിലായിരുന്നു ഇരുവരും വീണ്ടും വിവാഹിതരായത്. മക്കളായ ഖദീജ ജാസ്മിൻ, ഫാത്തിമ ജെബിൻ, ഫാത്തിമ ജെസ്സ എന്നിവർക്കൊപ്പമെത്തിയായിരുന്നു ഷുക്കൂറും ഷീനയും വീണ്ടും വിവാഹിതരായത്.
അഡ്വക്കേറ്റ് സജീവനും സി.പി.എം നേതാവ് വി.വി രമേശുമാണ് സാക്ഷികളായി വിവാഹ രജിസ്റ്ററിൽ ഒപ്പിട്ടത്. പെൺമക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായാണ് മുസ്ലിം ആചാരപ്രകാരം ആദ്യം വിവാഹിതരായ ദമ്പതികൾ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരായതും ഇതിനായി വനിതാ ദിനം തിരഞ്ഞെടുക്കുത്തതും. മുസ്ലിം വ്യക്തി നിയമത്തിലെ വ്യവസ്ഥകളെ മറികടക്കാനും തന്‍റെ സ്വത്തിന്റെ പൂർണ്ണ അവകാശം പെൺമക്കൾക്ക് ലഭിക്കുന്നതിനും വേണ്ടിയാണ് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം കഴിക്കാനൊരുങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.