പ്രതിപക്ഷ നേതാക്കളുടെ കത്ത്; 9 സംസ്ഥാനങ്ങളിൽ പ്രസ് മീറ്റിനൊരുങ്ങി ബിജെപി
ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച പശ്ചാത്തലത്തിൽ ഒമ്പത് സംസ്ഥാനങ്ങളിൽ വാർത്താസമ്മേളനം നടത്താനൊരുങ്ങി ബിജെപി. ഡൽഹി, പഞ്ചാബ്, ജമ്മു കശ്മീർ, മഹാരാഷ്ട്ര, ബംഗാൾ, കേരളം എന്നിവയുൾപ്പെടെ പ്രധാനമന്ത്രിക്ക് കത്തെഴുതിയ പ്രതിപക്ഷ നേതാക്കളുടെ സ്വന്തം സംസ്ഥാനങ്ങളിലാണ് പത്രസമ്മേളനങ്ങൾ നടത്തുന്നത്. മനോജ് തിവാരി (ഡൽഹി), സുവേന്ദു അധികാരി (ബംഗാൾ), സഞ്ജയ് ജയ്സ്വാൾ (ബീഹാർ), ബ്രിജേഷ് പഥക് (ഉത്തർപ്രദേശ്), സഞ്ജയ് ബന്ദി (തെലങ്കാന) എന്നിവരാണ് വാർത്താസമ്മേളനത്തെ അഭിസംബോധന ചെയ്യുക.
മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രിക്ക് കത്തയച്ചത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, എൻസിപി നേതാവ് ശരദ് പവാർ, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) മേധാവി ഉദ്ധവ് താക്കറെ, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവർ ഒപ്പിട്ട കത്തിൽ കോൺഗ്രസ് മാത്രമായിരുന്നു വിട്ടു നിന്നത്.
കേരള മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചിരുന്നു. പ്രതിപക്ഷ നേതാക്കൾക്കെതിരായ കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം ജനാധിപത്യത്തിൽ നിന്ന് സ്വേച്ഛാധിപത്യത്തിലേക്കുള്ള മാറ്റമായി തോന്നുന്നുവെന്നും കത്തിൽ നേതാക്കൾ ആരോപിച്ചിരുന്നു.