കുലുക്കപ്പാറ മറ്റൊരു ബ്രഹ്മപുരമോ? മാലിന്യ പ്ലാന്റിന് സമീപമുള്ള ജനങ്ങൾ ആശങ്കയിൽ
ചിറ്റൂര്‍: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ വിഷപ്പുക ദുരിതം കുലുക്കപ്പാറയിലും ആവര്‍ത്തിക്കുമോ എന്ന പേടിയിലാണ് പ്രദേശവാസികള്‍.കൊഴിഞ്ഞാമ്ബാറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ജൈവ അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് ഇവിടെത്തെ സംസ്കരണ പ്ലാന്റിലാണ്. പകല്‍ വാഹനങ്ങളില്‍ കൊണ്ടുവരുന്ന് അലക്ഷ്യമായിടുന്ന മാലിന്യങ്ങള്‍ രാത്രികാലങ്ങളില്‍ തീകത്തിക്കുകയാണ് പതിവ്. ഇതില്‍ നിന്നുള്ള ദുര്‍ഗന്ധവും പുകയും കാരണം വൃദ്ധരും കുട്ടികളും ഗര്‍ഭിണികളും ഉള്‍പ്പെടെയുള്ള പരിസരവാസികള്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ടണ്‍ കണക്കിന് മാലിന്യം കത്തിക്കുന്നതിന്റെ പുകപടലങ്ങള്‍ നാല് കിലോമീറ്റര്‍ വരെ വ്യാപിക്കാറുണ്ട്. പലര്‍ക്കും കണ്ണെരിച്ചലും തലകറക്കവും അനുഭവപ്പെടാറുണ്ടെന്നും ആക്ഷേപമുണ്ട്. ബ്രഹ്മപുരത്തെ സാഹചര്യം കണക്കിലെടുത്ത് അശാസ്ത്രീയമായ മാലിന്യ സംസ്കരണം അവസാനിപ്പിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അശാസ്ത്രീയം സംസ്കരണം
ഒന്നര ഏക്കര്‍ വിസ്തൃതിയില്‍ കോരയാര്‍ പുഴയോരത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റിലെ മാലിന്യ സംസ്കരണം മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് പരാതി. പ്രതിദിനം ടണ്‍ കണക്കിന് മാലിന്യം ഇവിടെ നിക്ഷേപിക്കാറുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിക്കണമെന്നാണ് നിയമം. പക്ഷേ, വര്‍ഷങ്ങളായി അതൊന്നും പാലിക്കാറില്ല. ഇതുകൂടാതെ രാത്രികാലങ്ങളില്‍ തീ കത്തിക്കുകയും ചെയ്യുന്നു. ഇതിനെതിരെ പരിസ്ഥിതി – സാമൂഹ്യ പ്രവര്‍ത്തകര്‍ തദ്ദേശ സ്ഥാപനങ്ങളില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ബ്രഹ്മപുരത്തെ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ ജനകീയ പ്രതിഷേധങ്ങള്‍ക്ക് രൂപംനല്‍കാനാണ് നാട്ടുകാരുടെ ആലോചന.
കുടിവെള്ളത്തിലും വിഷം
മഴക്കാലങ്ങളില്‍ കുലുക്കപ്പാറയിലെ പ്ലാന്റില്‍ നിന്നും തൊട്ടടുത്ത പുഴയിലേക്ക് ഒലിച്ചിറങ്ങുന്ന മാലിന്യം കുടിവെള്ള സ്രോതസിനെയും മലീമസമാക്കും. പുഴയരികില്‍ സ്ഥാപിച്ച കുഴല്‍ കിണറില്‍ നിന്നുള്ള വെള്ളമാണ് കുലുക്കപ്പാറ, തെനക്കുളം, പാറമേട് പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകളിലേക്ക് വിതരണം ചെയ്യുന്നത്. കുടിവെള്ള പരിശോധനയില്‍ ഇത് ഉപയോഗ യോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. പല രോഗങ്ങള്‍ക്കും കാരണമാകുമെന്നതിനാല്‍ ഇത് പരിഹരിക്കണമെന്ന് പല തവണ അധികൃതര്‍ക്ക് പരാതി നല്കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ചില കുടുംബങ്ങള്‍ പണംനല്‍കി ടാങ്കര്‍ ലോറിയിലെ കുടിവെള്ളത്തെ ആശ്രയിക്കുമ്ബോള്‍ തീര്‍ത്തും നിര്‍ധനരായവര്‍ ഇപ്പോഴും കുഴല്‍കിണറിലെ വെള്ളമാണ് ഉപയോഗിക്കുന്നത്.