ചൂട് കുറഞ്ഞു; വരും ദിവസങ്ങളിൽ വീണ്ടും കൂടുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവേ ചൂടിന്റെ കാഠിന്യം കുറഞ്ഞതായി റിപ്പോര്‍ട്ട്. ഏതാനും ദിവസങ്ങള്‍ക്കു ശേഷം താപനില വീണ്ടും ഉയരുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ നിഗമനം.
എന്നാല്‍, കണ്ണൂരിലും കാസര്‍കോട്ടും ചൂടിനു കാര്യമായ ശമനമില്ല.
കാലാവസ്ഥ വകുപ്പ് സ്ഥിരമായി നല്‍കുന്ന കണക്കുകള്‍ പ്രകാരം കോട്ടയത്താണ് ഏറ്റവും കൂടിയ പകല്‍ താപനില. 37 ഡിഗ്രി സെല്‍ഷ്യസാണ് കോട്ടയത്ത് രേഖപ്പെടുത്തിയത്. ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളിലെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് കണ്ണൂര്‍ വിമാനത്താവള പരിസരത്താണ്. 40.6 ഡിഗ്രി.
പിണറായിയിലും ചൂട് കൂടി. കഴിഞ്ഞ ദിവസം 34.9 ഡിഗ്രിയായിരുന്ന താപനില ഒറ്റദിവസം കൊണ്ട് 38.4 ഡിഗ്രിയായി വര്‍ധിച്ചു. കാസര്‍കോട് മുളിയാറില്‍ 37.2 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. 10, 11 തീയതികളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും 12ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നേരിയ മഴയ്ക്കു സാധ്യത ഉണ്ടെന്നാണു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.