എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം; ഹയര്‍ സെക്കണ്ടറി നാളെ മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പരീക്ഷാ കാലം. എസ്എസ്എൽസി പരീക്ഷകൾ ഇന്ന് ആരംഭിക്കും. പരീക്ഷ ഈ മാസം 29 വരെ തുടരും. 4,19,362 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. കടുത്ത ചൂട് കണക്കിലെടുത്ത് രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണയം ഏപ്രിൽ 3 ന് ആരംഭിക്കും. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ രണ്ട് വർഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഫോക്കസ് ഏരിയ ഇല്ലാതെ ഇത്തവണ ചോദ്യങ്ങൾ പൂർണ്ണമായും പാഠഭാഗങ്ങളിൽ നിന്നായിരിക്കും. ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ ആരംഭിക്കും. പരീക്ഷ 30ന് അവസാനിക്കും. കോവിഡ് ഭീതിക്കിടയിലാണ് 2021, 2022 വർഷങ്ങളിൽ എസ്എസ്എൽസി പരീക്ഷകൾ നടന്നത്. പാഠഭാഗങ്ങൾ തീരാത്തതിനാൽ ഫോക്കസ് ഏരിയ അനുസരിച്ചാണ് പരീക്ഷ നടന്നത്. ഇത്തവണ ചോദ്യങ്ങൾ മുമ്പത്തെപ്പോലെ മുഴുവൻ പാഠഭാഗങ്ങളും അടിസ്ഥാനമാക്കിയുള്ളതായിരിക്കും. എസ്എസ്എൽസി പരീക്ഷയെഴുതുന്നവരിൽ 57.20 ശതമാനവും ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളാണ്. എസ്എസ്എൽസി – പ്ലസ് ടു പരീക്ഷയ്ക്കിടെ ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷകളും ഇത്തവണ നടക്കുന്നുണ്ട്. ഈ പരീക്ഷകൾ 13 മുതൽ ആരംഭിക്കും. ഉച്ചയ്ക്ക് 1.30 മുതലാണ് പരീക്ഷ. എല്ലാ പരീക്ഷകളും ഒരുമിച്ച് വരുന്നതിനാൽ ഡ്യൂട്ടി സംബന്ധിച്ച് അധ്യാപകർ ആശങ്കാകുലരാണ്.