ബ്രഹ്മപുരം തീപിടിത്തം; ശ്വാസകോശ രോഗങ്ങളിൽ വൻ വർധന, മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍
എറണാകുളം: ബ്രഹ്മപുരത്തെ തീപിടിത്തം നടന്ന് എട്ടാം ദിവസമാകുമ്പോൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുടെ പിടിയിലാണ് കൊച്ചിക്കാർ. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. പുക ഇതേരീതിയിൽ തുടർന്നാൽ ദീർഘകാലം നീണ്ടുനിൽക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.
ജൈവമാലിന്യങ്ങൾ പിവിസി പോലുള്ള ഹാലോജനേറ്റഡ് പ്ലാസ്റ്റിക്കുകളുമായി സംയോജിച്ച് ഭാഗിക ജ്വലനത്തിന് കാരണമാകുമ്പോൾ രൂപം കൊള്ളുന്ന വിഷവസ്തുക്കളാണ് ഡയോക്സിനുകൾ. എട്ട് ദിവസത്തിലേറെയായി ഡയോക്സിൻ ഉൾപ്പെടെയുള്ള മാരക രാസ സംയുക്തങ്ങൾ അടങ്ങിയ പുക കൊച്ചിയെ വലയം ചെയ്യുകയാണ്. ഇതിന്‍റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളും കണ്ടുതുടങ്ങി. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ജലദോഷം, ചർമ്മം എരിച്ചിൽ തുടങ്ങിയ അവസ്ഥകൾക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്.
ഈ വിഷ പുക ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ഏക്കറുകണക്കിന് ഭൂമിയിൽ 10-20 അടി ഘനത്തിലുള്ള മാലിന്യക്കൂമ്പാരത്തിന്‍റെ അടിയിൽ നടക്കുന്നത് ഓക്സിജന്‍റെ അഭാവത്തിലുള്ള എയറോബിക് അഴുകലാകാമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. അതിൽ നിന്ന് പുറന്തള്ളുന്ന വാതകങ്ങളിൽ തീപിടിക്കുന്ന മീഥെയ്ൻ വാതകം അടങ്ങിയിരിക്കുന്നതിനാൽ, തീ പിടിച്ചുകഴിഞ്ഞാൽ തീ അണയ്ക്കുക അസാധ്യമാണെന്നും പറയുന്നു.