ബ്രഹ്മപുരം തീപിടുത്തം; വിശദമായ റിപ്പോർട്ട് നാളെ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം
കൊച്ചി: കൊച്ചിയിലെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് നാളെ സമർപ്പിക്കാൻ കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ നിർദേശം. കളക്ടറും മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനും നേരിട്ട് ഹാജരാകണം. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയെ കോടതി ഹർജിയിൽ കക്ഷിചേർത്തു. ജൂൺ ആറിന് മുമ്പ് കൊച്ചിയിലെ മാലിന്യ സംസ്കരണം കാര്യക്ഷമമാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. കൊച്ചി കോർപ്പറേഷൻ സെക്രട്ടറി നാളെയും ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. ഹർജി പരിഗണിക്കൽ നാളത്തേക്ക് മാറ്റി.
ബ്രഹ്മപുരത്തെ തീപിടിത്തം മനുഷ്യനിർമിതമാണോയെന്ന് ഹർജി പരിഗണിക്കവെ കോടതി ചോദിച്ചു. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഇത്തരം തീപിടിത്തങ്ങൾ നടക്കുന്നുണ്ടെന്നായിരുന്നു കോർപ്പറേഷൻ സെക്രട്ടറിയുടെ മറുപടി. മാലിന്യം നിക്ഷേപിക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കോടതി ചോദിച്ചു. സി.സി.ടി.വി സ്ഥാപിച്ചിട്ടുണ്ടെന്നും ബോധവൽക്കരണം നടത്തിവരികയാണെന്നും കോർപ്പറേഷൻ സെക്രട്ടറി മറുപടി നൽകി.