മദ്യനയ അഴിമതി കേസ്; സിസോദിയയെ ഇഡി ജയിലിനുള്ളിൽ ചോദ്യം ചെയ്യും


ന്യൂഡൽഹി: മദ്യ കുംഭകോണക്കേസിൽ സിബിഐ അറസ്റ്റ് ചെയ്ത നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ജയിലിൽ ചോദ്യം ചെയ്യും. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിസോദിയയെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ഫെബ്രുവരി 26 ന് അറസ്റ്റിലായ സിസോദിയ രണ്ട് ദിവസത്തിന് ശേഷം ഡൽഹി ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
2021 നവംബറിൽ നടപ്പാക്കിയ മദ്യനയത്തിൽ ക്രമക്കേടുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിലാണ് ലഫ്റ്റനന്‍റ് ഗവർണർ വി.കെ.സക്സേന അന്വേഷണത്തിന് ഉത്തരവിട്ടത്. കേസിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ചാണ് ഇഡി അന്വേഷണം നടത്തുന്നത്.
സിസോദിയയെ മാർച്ച് 20 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
സിസോദിയയുടെ ജാമ്യാപേക്ഷ കോടതി 10ന് പരിഗണിക്കും. മാധ്യമങ്ങൾ കേസിന് രാഷ്ട്രീയ നിറം നൽകുകയാണെന്നും സാക്ഷികളെ ഭയപ്പെടുത്തുന്നുവെന്നും സി.ബി.ഐ വാദിച്ചപ്പോൾ മാധ്യമങ്ങളെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എം.കെ നാഗ്പാൽ വ്യക്തമാക്കിയിരുന്നു. സി.ബി.ഐ കസ്റ്റഡി നീട്ടാൻ ആവശ്യപ്പെടാത്തതിനാലാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.