മദ്യലഹരിയിൽ വിമാനത്തിൽ സഞ്ചരിച്ച വിദ്യാർഥി സഹയാത്രികനുമേൽ മൂത്രമൊഴിച്ചു

ന്യൂഡല്‍ഹി: മദ്യലഹരിയിൽ വിമാനത്തിൽ യാത്ര ചെയ്ത വിദ്യാർത്ഥി സഹയാത്രികനുമേൽ മൂത്രമൊഴിച്ചു. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള അമേരിക്കൻ വിമാനത്തിലാണ് സംഭവം. യുഎസ് സർവ്വകലാശാലയിലെ വിദ്യാർത്ഥിയാണ് മൂത്രമൊഴിച്ചത്.
ന്യൂയോർക്കിൽ നിന്ന് രാത്രി 9.15ന് പുറപ്പെട്ട് ഡല്‍ഹിയില്‍ ശനിയാഴ്ച ഉച്ചയോടെ ഇറങ്ങിയ എഎ 292 വിമാനത്തിലാണ് സംഭവം. യാത്രയ്ക്കിടെ മദ്യലഹരിയിലായിരുന്ന യുവാവ് ഉറക്കത്തിൽ മൂത്രമൊഴിക്കുകയായിരുന്നു. ഇത് സഹയാത്രികന്റെ ദേഹത്തായി. ഇതോടെ അധികൃതരെ വിവരമറിയിച്ചു. എന്നാൽ മൂത്രമൊഴിച്ചതിന് വിദ്യാർത്ഥി ക്ഷമാപണം നടത്തിയതിനാൽ അഭ്യർത്ഥനപ്രകാരം പൊലീസിനെ അറിയിച്ചില്ലെന്ന് സഹയാത്രികൻ പറഞ്ഞു. എന്നാൽ ഇക്കാര്യം ഗൗരവമായി എടുത്ത അധികൃതർ വിമാനത്താവളത്തിലെ എയർ ട്രാഫിക് കണ്ട്രോളറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിയെ ഡൽഹി പൊലീസിന് കൈമാറി.
ഇത് രണ്ടാം തവണയാണ് വിമാനത്തിൽ മൂത്രമൊഴിക്കുന്ന സംഭവം ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം നവംബർ 26ന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലും സമാനമായ സംഭവം നടന്നിരുന്നു. ശങ്കര്‍ മിശ്ര എന്നയാൾ മദ്യപിച്ച് പ്രായമുള്ള ഒരു സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ചിരുന്നു. സംഭവത്തിൽ മിശ്രയ്ക്കെതിരെ കേസ് എടുത്തിരുന്നു.