ഇത്തവണ കത്തി നശിച്ചത് 420 ഹെക്ടർ വനഭൂമി; അട്ടിമറി നടന്നതായി സംശയിക്കുന്നുവെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വനമേഖലകളിലുണ്ടായ തീപിടിത്തത്തിൽ അട്ടിമറി നടന്നതായി സംശയിക്കുന്നുവെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടും ഇതുവരെ അനുഭവപ്പെടാത്ത വിധത്തിലാണ് തീപിടിത്തമുണ്ടായത്. വനപാലകർ നടത്തിയ പരിശോധനയിൽ സമാനമായ കണ്ടെത്തലുണ്ടായിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇത്തവണ വേനൽക്കാലത്ത് സംസ്ഥാനത്ത് 420 ഹെക്ടർ വനഭൂമിയാണ് കത്തിനശിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് പാലക്കാടാണ്. 160 ഹെക്ടർ വനഭൂമിയാണ് കത്തിനശിച്ചത്. സൈലന്‍റ് വാലി, അട്ടപ്പാടി, മലമ്പുഴ എന്നിവിടങ്ങളിൽ വലിയ തോതിൽ വനം കത്തി നശിച്ചിരുന്നു. വയനാട്ടിൽ 90 ഹെക്ടറും ഇടുക്കിയിൽ 86 ഹെക്ടറും തിരുവനന്തപുരത്ത് 70 ഹെക്ടറും വനഭൂമിയാണ് കത്തിനശിച്ചത്.
ഫയര്‍ ലൈന്‍ ഉള്‍പ്പെടെ തെളിച്ചിരുന്ന സാഹചര്യത്തില്‍ വ്യാപകമായി വനം കത്തിയതില്‍ ചില സംശയങ്ങളുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ അട്ടിമറി തെളിയിക്കുന്ന ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.