അഴിമതിക്കാരെ പൂട്ടാൻ വിജിലൻസ്; സർക്കാർ അനുമതി നിഷേധിച്ചാലും കുറ്റപത്രം നൽകാം, പുതിയ സർക്കുലർ ഇറക്കി
തിരുവനന്തപുരം: അഴിമതിക്കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചാലും കുറ്റപത്രം നല്‍കാമെന്ന് വിജിലന്‍സ് ഡയറക്ടര്‍.അഴിമതിക്ക് വേണ്ടി ഗൂഡാലോചന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം നല്‍കുന്നതില്‍ സര്‍ക്കാര്‍ അനുമതി തടസ്സമല്ലെന്ന് ഡയറക്ടര്‍ മനോജ് എബ്രഹാം സര്‍ക്കുലര്‍ ഇറക്കി. ഭരണ സ്വാധീനത്താല്‍ അഴിമതിക്കേസില്‍ നിന്നും ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടാലും പുതിയ സര്‍ക്കുലറോടെ
പിടിവീഴും.
അഴിമതിക്കേസുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനും, കുറ്റക്കാരായി കണ്ടെത്തിയാല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനും സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. അഴിമതി നിരോധന നിയമത്തിലെ 19-ാം വകുപ്പ് പ്രകാരമാണ് അനുമതി വേണ്ടത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ഈ സംരക്ഷണം സ്വാധീനമുള്ള അഴിമതിക്കാര്‍ക്ക് പിടിവളളിയാകുന്നുണ്ട്. വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാരായി കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയാലും സര്‍ക്കാര്‍ വകുപ്പുകള്‍ അനുമതി നല്‍കുന്നത് നീട്ടികൊണ്ട് പോകുന്നുണ്ട്. ഒടുവില്‍ അഴിമതിക്കേസില്‍ നിന്നും ഒഴിവാക്കി ഉത്തരവിറക്കുന്നത് പതിവാവുകയാണ്. അങ്ങനെ അഴിമതിക്കാര്‍ രക്ഷപ്പെട്ടുപോകുന്നത് തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനത്തെ തന്നെ വെട്ടിലാക്കുന്ന ഡയറക്ടറുടെ പുതിയ സര്‍ക്കുലര്‍.
അഴിമതിക്കാര്‍ക്കെതിരെ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയില്ലെങ്കിലും ആ ഉദ്യോഗസ്ഥര്‍ അഴിമതിക്കാര്‍ക്കുവേണ്ടി ഗൂഡാലോചന നടത്തുകയോ, വ്യാജ രേഖയുണ്ടാക്കാന്‍ കൂട്ടുനില്‍ക്കുകോ ചെയ്തുവെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്തുതന്നെ കുറ്റപത്രം നല്‍കാനാണ് മനോജ് എബ്രഹാമിന്‍റെ സര്‍ക്കുലര്‍. വിജിലന്‍സ് കോടതിയിലോ, മജിസ്ട്രേറ്റ് കോടതിയിലോ കുറ്റപത്രം നല്‍കാമെന്ന് സുപ്രീംകോടതി ഉത്തരവ് ചൂണ്ടികാട്ടിയുള്ള സര്‍ക്കുലറില്‍ പറയുന്നു. അഴിമതിക്കാരെ വെട്ടിലാക്കുന്ന ഈ ഉത്തരവിനോട് ആഭ്യന്തരവകുപ്പിന്‍റെ സമീപനം എന്തായിരിക്കുമെന്നാണ് ഇനി അറിയേണ്ടത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിയമം നല്‍കുന്ന സംരക്ഷണം സര്‍ക്കുലര്‍കൊണ്ട് മറികടക്കാകുമോയെന്ന ചോദ്യം നിയമവിദഗ്ധരും ഉയര്‍ത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ വിജിലന്‍സ് ഡയറക്ടറുടെ സര്‍ക്കുലര്‍ കോടതികളില്‍ വലിയ വാദങ്ങള്‍ക്ക് കാരണമാകും.