ബിജു കുര്യനെ കണ്ടെത്തിയത് ഇസ്രയേൽ രഹസ്യാന്വേഷണ ഏജന്‍സി മൊസാദ്; നാട്ടിലേക്ക് തിരിച്ചയച്ചു
തിരുവനന്തപുരം: സർക്കാർ സംഘത്തോടൊപ്പം കൃഷി പഠിക്കാൻ പോയ ഇരിട്ടി സ്വദേശി ബിജു കുര്യനെ കണ്ടെത്തിയത് ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ്. ഇസ്രയേല്‍ ഇന്‍റർപോൾ ഇക്കാര്യം ഇന്ത്യൻ എംബസിയെ അറിയിച്ചു. ബിജുവിനെ തിരിച്ചയച്ചതായി ഇന്ത്യൻ അംബാസഡർ രാജീവ് ബൊഖഡെ കൃഷി വകുപ്പ് സെക്രട്ടറി ബി അശോകിനെ അറിയിച്ചു.
ടെൽ അവീവിൽ നിന്ന് വൈകീട്ട് നാലിന് തിരിച്ച ബിജു പുലർച്ചെ നാലിന് കോഴിക്കോട്ടെത്തും. ബിജുവിനെ കണ്ടെത്തിയ വിവരം സഹോദരൻ അറിയിച്ചതായി കൃഷിമന്ത്രി പി പ്രസാദ് സ്ഥിരീകരിച്ചിരുന്നു. ബെത്ലഹേം കാണാനാണ് സംഘം വിട്ടതെന്നും സഹോദരൻ പറഞ്ഞു.
നയതന്ത്ര തലത്തിൽ സർക്കാർ സമ്മർദ്ദം ശക്തമാക്കിയതോടെയാണ് ഇസ്രയേലിൽ മുങ്ങിയ ബിജുവിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. ബിജുവിനെ സഹായിക്കുന്നത് ഗുണം ചെയ്യില്ലെന്ന് അവിടുത്തെ ഇന്ത്യൻ എംബസി മലയാളികൾക്ക് സന്ദേശം അയച്ചതും തിരിച്ചടിയായി. വിസ സാധുതയുള്ളതിനാൽ ബിജുവിനെതിരെ ഇസ്രയേലിൽ നിയമനടപടിയുണ്ടായില്ല. സംസ്ഥാനത്തും നിയമനടപടി സ്വീകരിക്കരുതെന്ന് സഹോദരൻ കൃഷിമന്ത്രിയോട് അഭ്യർത്ഥിച്ചു. എന്നാൽ എന്തുകൊണ്ടാണ് അപ്രത്യക്ഷനായതെന്ന് ബിജു സർക്കാരിന് വിശദീകരണം നൽകേണ്ടിവരും.