നൻപകൽ നേരത്ത് മയക്കം തൻ്റെ ചിത്രത്തിൻ്റെ പകർപ്പ്; ആരോപണവുമായി തമിഴ് സംവിധായിക
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ വിവിധ ചലച്ചിത്രമേളകളിൽ മികച്ച സ്വീകാര്യത നേടിയ ചിത്രമാണ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചത്. ഇപ്പോഴിതാ ചിത്രം വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. നൻപകൽ നേരത്ത് മയക്കം തന്‍റെ ചിത്രമായ ഏലെയുടെ പകർപ്പാണെന്ന ആരോപണവുമായി സംവിധായിക ഹലിതാ ഷമീം രംഗത്തെത്തിയിരിക്കുകയാണ്.
ഒരു സിനിമയുടെ എല്ലാ സൗന്ദര്യവും ഒരേ രീതിയിൽ മോഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹലിതാ ഫേസ്ബുക്കിൽ കുറിച്ചു. രണ്ട് സിനിമകളും ഒരേ സ്ഥലത്ത് ചിത്രീകരിച്ചതിൽ സന്തോഷമുണ്ട്. എന്നാൽ താൻ കണ്ടതും ഏലെയുമായി ചേർത്തതുമായ സൗന്ദര്യാത്മക അനുഭവങ്ങളെല്ലാം മോഷ്ടിക്കപ്പെട്ടു എന്നത് അൽപ്പം തളർത്തുന്ന കാര്യമാണെന്നും അവർ കുറിച്ചു.
“ഐസ് വിൽപ്പനക്കാരൻ ഒരു പാൽക്കാരനായി മാറി. സെമ്പുലി സെവലൈ ആയി മാറി. സെമ്പുലി മോർച്ചറി വാനിനു പിന്നാലെ ഓടുന്നതുപോലെ സെവലൈ ഇവിടെ മിനിബസിന് പിന്നാലെ ഓടുന്നു. ഏലെയിലൂടെ ഞാൻ പരിചയപ്പെടുത്തിയ നടനും ഗായകനുമാണ് ചിത്തിരൈ സേനൻ. മമ്മൂട്ടിയോടൊപ്പം അദ്ദേഹം പാടുന്നു. വർഷങ്ങളോളം പഴക്കമുള്ള ആ വീടുകൾ മറ്റൊരു സിനിമയിലും വന്നിട്ടില്ല. ഞാൻ അതൊക്കെ ഇതിൽ കണ്ടൂ” അവർ കുറിച്ചു.