മുതുമല വനം വരൾച്ചയുടെ പിടിയിൽ; കാട്ടിനുള്ളിലെ കൃത്രിമ ജലസംഭരണികൾ നിറച്ച് വനം വകുപ്പ്
സുല്‍ത്താന്‍ബത്തേരി: വേനല്‍ കടുത്ത് തുടങ്ങിയതോടെ വനമേഖലയും വരള്‍ച്ചയുടെ പിടിയിലമരുകയാണ്. വെയിലിന്റെ കാഠിന്യം നാള്‍ക്കുനാള്‍ വര്‍ധിച്ചതോടെ നീലഗിരി വനമേഖലയിലുള്‍പ്പെട്ട മുതുമലയിലും പരിസരപ്രദേശങ്ങളിലും വന്യമൃഗങ്ങള്‍ക്ക് പോലും വെള്ളം ലഭിക്കാത്ത അവസ്ഥയാണ്.വനത്തിനുള്ളിലെ കുളങ്ങളും തോടും പുഴയും വറ്റി തുടങ്ങിയ സാഹചര്യത്തിലാണ് മൃഗങ്ങളുടെ ദാഹം തീര്‍ക്കാന്‍ വനംവകുപ്പ് രംഗത്തിറങ്ങിയിരിക്കുന്നത്.
മുതുമല വനമേഖലയില്‍ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ച പത്തോളം കൃത്രിമ ജലസംഭരണികളിലേക്ക് കഴിഞ്ഞ ദിവസം മുതല്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിച്ച് തുടങ്ങിയിരിക്കുകയാണ് വനംവകുപ്പ്. വേനലില്‍ വന്യമൃഗങ്ങള്‍ തീറ്റയും വെള്ളവും ഉറപ്പുവരുന്നതിന്റെ ഭാഗമായാണ് നടപടി. മുതുമല ടൈഗര്‍ റിസര്‍വ്വിലെ മസിനഗുഡി ഭാഗത്ത് കടുത്ത വരള്‍ച്ചയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.
കൂരുപ്പാറ, കോട്ടപ്പാറ, കാവ്യാല ഉള്‍പ്പെടെ വനമേഖലകളിലൊരുക്കിയ ജലസംഭരണികളിലാണ് ടാങ്കര്‍ ലോറികളില്‍ വെള്ളം കൊണ്ടുവന്ന് നിറക്കുന്നത്. മുതുമല വനത്തില്‍ മൃഗങ്ങള്‍ക്ക് കുടിവെള്ളക്ഷാമം നേരിട്ടാല്‍ അവ കാടിറങ്ങി ജനവാസമേഖലയിലേക്ക് എത്തുമെന്ന മുന്‍കാല അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കൃത്രിമ ജലസംഭരണികളില്‍ വേനല്‍ കഴിയുന്നത് വെള്ളം നിറച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
നിലവില്‍ വയനാട്, കര്‍ണാടക വനമേഖലകളില്‍ ഇപ്പോഴും വറ്റാത്ത പുഴകളും കുളങ്ങളുമുണ്ട്. മുതുമലയിലെ വന്യജീവികള്‍ക്ക് വെള്ളം കിട്ടാതെ വന്നാല്‍ ആനകളടക്കമുള്ളവ കൂട്ടത്തോടെ ഈ രണ്ട് വനമേഖലകളിലേക്ക് പലായനം ചെയ്യാന്‍ സാധ്യതയേറെയാണ്. ഇത് വന്യമൃഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കും. ഏറ്റുമുട്ടലില്‍ പുറത്താകുന്ന മൃഗങ്ങള്‍ പിന്നീട് ജനവാസമേഖലകളിലേക്കെത്തിയാല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമായേക്കും.
ഇത് തടയുക കൂടിയാണ് കൃത്രിമ ജലസംഭരണികളില്‍ വെള്ളം നിറച്ച് വനംവകുപ്പ് ചെയ്യുന്നത്. കത്തുന്ന വെയിലില്‍ കോണ്‍ക്രീറ്റ് സംഭരണികളിലെ വെള്ളം വേഗത്തില്‍ വറ്റിപോകാന്‍ സാധ്യതയുണ്ട്. ഇക്കാര്യം ശ്രദ്ധിച്ച് ടാങ്കറുകളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ വെള്ളമെത്തിക്കും. നേരത്തെ മുതുമല നീലഗിരി വനമേഖലയോടെ ചേര്‍ന്നു കിടക്കുന്ന ജനവാസ പ്രദേശങ്ങളിലേക്ക് ഭക്ഷണവും വെള്ളവും തേടി ആനകളെത്തുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്തിരുന്നു.