നാട്ടാനകൾക്ക് ഭക്ഷണമായി തെങ്ങിൻ പട്ടകൾ; ആനപ്പട്ടകൾ പുതുതലമുറയ്ക്ക് ഓർമ്മയാകുന്നു
പാലക്കാട്: സംസ്ഥാനത്ത് ഒരു കാലഘട്ടം മുഴുവനും വ്യാപകമായി കണ്ടിരുന്ന ആനപ്പട്ടകള്‍ ഇപ്പോള്‍ ഓര്‍മയായിരിക്കുന്നു.നാട്ടാനകള്‍ക്ക് കൂടുതലും ഭക്ഷണമായി നല്‍കുന്നത് തെങ്ങിന്‍പട്ടകളാണെങ്കിലും പണ്ടുകാലങ്ങളില്‍ ആനപ്പട്ടകളുടെ ഇലയും വ്യാപകമായി നല്‍കിയിരുന്നു.
വയലോരങ്ങളിലും പുഴയോരങ്ങളിലും മലയടിവാരങ്ങളിലുമൊക്കെയാണ് ഇത്തരം ആനപ്പട്ടകള്‍ കണ്ടിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു. തെങ്ങിന്‍പട്ട നല്‍കുന്ന അളവില്‍ നല്‍കാന്‍ കഴിയാറില്ലെങ്കിലും കൂട്ടത്തില്‍ ഒരു രുചിയെന്ന രീതിയില്‍ മാത്രമേ ഇത്തരം ചെടികളിലെ ഇലകള്‍ നല്‍കിയിരുന്നുള്ളൂ. ഇത്തരം ആനപ്പട്ട ഇലകള്‍ ഔഷധ ഗുണമുണ്ടെന്നും ആനകള്‍ക്ക് ഇടക്കെങ്കിലും ആനപ്പട്ടയില നല്‍കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും പറയപ്പെടുന്നു.
ഒരാള്‍ പൊക്കത്തില്‍ വളരുന്ന ചെടികള്‍ മറ്റുള്ള ചെടികളില്‍ നിന്നും വ്യത്യസ്തമാണ്. ഉയരത്തില്‍ നില്‍ക്കുന്ന ആനപ്പട്ടയുടെ ഇലകള്‍ ചെറുതും പനമ്പട്ടയുടെ ആകൃതിയുമാണ്. ഇതിനാലാണ് ഇത്തരം ചെടികള്‍ക്ക് പഴമക്കാര്‍ ആനപ്പട്ട ചെടിയെന്ന് പറഞ്ഞിരുന്നത്. കൂടുതലും നനവുള്ള പ്രദേശങ്ങളിലാണ് ഇത്തരം മരങ്ങള്‍ കാണപ്പെട്ടിരുന്നത്. പുഴയോരങ്ങളിലും നെല്‍പ്പാടങ്ങള്‍ക്കു സമീപത്തും കാണുന്ന ഇത്തരം ചെടികള്‍ വനാന്തരങ്ങളില്‍ അപൂര്‍വമായാണ് കണ്ടിരുന്നത്. അതിനാല്‍ കൂടുതലായും ഇത്തരം ചെടിയുടെ ഇല ഭക്ഷണമായി നല്‍കിയിരുന്നത് നാട്ടാനകള്‍ക്കായിരുന്നു. ഇപ്പോള്‍ സംസ്ഥാനത്തുതന്നെ അപൂര്‍വം ഭാഗങ്ങളിലെ ഇത്തരം ചെടികള്‍ കാണാറുള്ളൂവെന്നതാണ് പറയപ്പെടുന്നത്.
ആളിയാര്‍ പുഴയുടെ കൈവഴിയായ പൂടൂര്‍ പുഴ കടന്നുപോവുന്ന പ്രദേശങ്ങളില്‍ ഇത്തരം മരങ്ങള്‍ കാണാറുണ്ട്. ആളുകള്‍ക്കിടയില്‍ ഇത്തരം ചെടികളുടെ ഇല കൗതുകകരമാണെങ്കിലും പഴമക്കാര്‍ മാത്രമേ ഇത് ആനപ്പട്ട മരമാണെന്ന അറിവുള്ളൂവെന്നതും പരമാര്‍ത്ഥമാണ്.
നാട്ടാനകള്‍ക്ക് ഭക്ഷണമായി തെങ്ങിന്‍പട്ടയും വാഴക്കുലയും നല്‍കുന്ന കാലത്ത് കാട്ടാനകള്‍ക്ക് ഭക്ഷണവും വെള്ളവും തേടി ജനവാസ മേഖലകളിലിറങ്ങി ഭീതി പരത്തുന്ന കാലത്ത് ഭൂതകാലങ്ങളില്‍ ആനകളുടെ അന്നമായിരുന്ന ആനപ്പട്ട പുതുതലമുറക്ക് അന്യമാവുകയാണ്.