ദുരിതാശ്വാസനിധി തട്ടിപ്പ്; ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ സഹായം അർഹരായവർക്ക് മാത്രമേ നൽകുവെന്നും, അനർഹർക്ക് നൽകുന്നത് ശക്തമായി തടയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ പ്രവണതകളൊന്നും അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർ. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയതെന്നും മുഖ്യമന്തി വാർത്താക്കുറിപ്പിൽ പറഞ്ഞു.
ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കണ്ടെത്തിയ വിഷയങ്ങളിൽ തുടർനടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അനർഹർക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം ലഭിക്കുന്നതായി ചില പരാതികൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിജിലൻസിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവരുടെ ചികിത്സയ്ക്കും പ്രകൃതിക്ഷോഭം ബാധിച്ചവരെ സഹായിക്കുന്നതിനുമുള്ളതാണ്. അനർഹർക്ക് സാമ്പത്തിക സഹായം നൽകാൻ ശ്രമിച്ചവർക്കും അതുമായി ബന്ധപ്പെട്ട് കൂട്ടുനിന്നവർക്കുമെതിരെ യാതൊരു ദയയുമില്ലാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.