ക്രിമിനൽ ബന്ധമുള്ള പൊലീസുകാർക്കെതിരെ ശക്തമായ നടപടി തുടരും: ഡിജിപി
തിരുവനന്തപുരം: സാമൂഹിക വിരുദ്ധ ഗ്രൂപ്പുകളുമായി ബന്ധമുള്ള ഉദ്യോഗസ്ഥർക്കെതിരെ റാങ്ക് നോക്കാതെ നടപടി തുടരുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. ചൊവ്വാഴ്ച ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കുറ്റം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സമയബന്ധിതമായി നടപടിയെടുക്കണം. ഇക്കാര്യത്തിൽ വീഴ്ച വരുത്താതെ നടപടി സ്വീകരിക്കാൻ ഡി.ഐ.ജിമാർക്കും എസ്.പിമാർക്കും പൊലീസ് മേധാവി നിർദ്ദേശം നൽകി. എല്ലാ ആഴ്ചയും എസ്.പി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണം.
സാമ്പത്തിക തട്ടിപ്പുകാരുടെ സ്വത്തുക്കൾ കണ്ടെത്താൻ എസ്എച്ച്ഒമാർക്ക് അധികാരം നൽകുന്ന ബഡ്സ് ആക്ട് കേരളത്തിൽ കാര്യക്ഷമമായി നടപ്പാക്കുന്നില്ല. സാമ്പത്തിക തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ബഡ്സ് ആക്ട് നടപ്പാക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ബഡ്സ് ആക്ട് ഫലപ്രദമായി നടപ്പാക്കി ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ ശ്രമിക്കണമെന്ന് യോഗത്തിൽ ഡി.ജി.പി എസ്.എച്ച്.ഒമാരോട് ആവശ്യപ്പെട്ടു.
വ്യാപാരികളുമായും വ്യവസായികളുമായും സഹകരിച്ച് സംസ്ഥാനത്ത് കഴിയുന്നത്ര സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ശ്രമിക്കണമെന്നും ഡി.ജി.പി നിർദ്ദേശിച്ചു. യോഗത്തിൽ ഓരോ ജില്ലയിലും നടക്കുന്ന ഗുണ്ടാ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിമാർ അവതരിപ്പിച്ചു. ഗുണ്ടകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചുകൾ പരാജയപ്പെടുന്നുവെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന്‍റെ ശാക്തീകരണം സംബന്ധിച്ച റിപ്പോർട്ട് ഇന്‍റലിജൻസ് എ.ഡി.ജി.പി യോഗത്തിൽ അവതരിപ്പിച്ചു.