ആഗോള സമ്പദ് വ്യവസ്ഥയുടെ പകുതിയും സംഭാവന ചെയ്യുക ഇന്ത്യയും ചൈനയും ചേര്‍ന്ന്; ഐ.എം.എഫ്
വാഷിങ്ടൺ: ഇന്ത്യയും ചൈനയും ചേർന്നാവും ഈ വർഷത്തെ ആഗോള സമ്പദ് വ്യവസ്ഥയുടെ പകുതിയും സംഭാവന ചെയ്യുകയെന്ന് അന്താരാഷ്ട്ര നാണയ നിധി. സീറോ കോവിഡ് നയം പിൻവലിച്ചതിന് ശേഷം ചൈന പ്രതീക്ഷിച്ചതിലും വേഗത്തിൽ വളർച്ച കൈവരിക്കുകയാണ്. കമ്പോഡിയ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈന്‍സ് തായ്‌ലന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളും കോവിഡിന് മുമ്പുള്ള വളർച്ചാ നിരക്കിലേക്ക് മടങ്ങുമെന്നാണ് ഐഎംഎഫ് വ്യക്തമാക്കുന്നത്.
ഭക്ഷ്യ, ഇന്ധന വില കുറയാൻ തുടങ്ങിയതോടെ ഏഷ്യ-പസഫിക് മേഖലയിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു വരുകയാണ്. ഈ വർഷം ഈ മേഖല 4.7 % വളർച്ച കൈവരിക്കുമെന്നാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം 3.8 ശതമാനമായിരുന്നു വളർച്ച.
കോവിഡ് സമയത്ത് ഉയർന്ന ചെലവ് പല ഏഷ്യൻ രാജ്യങ്ങളുടെയും ധനക്കമ്മി വർധിപ്പിച്ചു. ഇത് രാജ്യങ്ങളെ കടക്കെണിയിലേക്ക് തള്ളിവിട്ടുവെന്നും ഐഎംഎഫ് പറഞ്ഞു. അതിനാൽ, രാജ്യങ്ങൾ ശരിയായ പണ നയം പിന്തുടരണം. ആഭ്യന്തര, കോർപ്പറേറ്റ് മേഖലകളിലെ ഉയർന്ന കടബാധ്യതയും റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ബാങ്കുകൾ നൽകുന്ന വായ്പകളും ഏഷ്യൻ രാജ്യങ്ങൾക്ക് വെല്ലുവിളിയാണെന്നും ഐഎംഎഫ് പറഞ്ഞു.