ഹൈക്കോടതി ഉത്തരവുകൾ ഇനി മലയാളത്തിലും; തീരുമാനം സാധാരണക്കാർക്കായി
കൊച്ചി: ഹൈക്കോടതി ഉത്തരവുകൾ ഇനി മുതൽ മലയാളത്തിലും പുറപ്പെടുവിക്കും. നിർമിത ബുദ്ധിയുടെ സഹായത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ മലയാളത്തിൽ രണ്ട് ഉത്തരവുകൾ പുറപ്പെടുവിച്ചു. ഇതാദ്യമായാണ് രാജ്യത്തെ ഹൈക്കോടതിയിൽ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. സാധാരണക്കാർക്ക് മനസ്സിലാകാത്ത നിയമങ്ങൾ, കോടതി വിധികൾ വായിക്കാനും മനസ്സിലാക്കാനും സാധാരണക്കാർക്കുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് പരിഹാരമായാണ് മലയാളത്തിൽ ഉത്തരവുകൾ ഇറക്കുന്നത്.
കോടതി ഉത്തരവുകൾ സാധാരണക്കാരുമായി കൂടുതൽ അടുപ്പിക്കാൻ പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് തന്നെ അടുത്തിടെ നിരീക്ഷിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എം മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവാണ് ഹൈക്കോടതിയുടെ വെബ്സൈറ്റിൽ മലയാളത്തിൽ ആദ്യം അപ്ലോഡ് ചെയ്തത്.
നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് മലയാള പരിഭാഷ തയ്യാറാക്കുന്നത്. അതുകൊണ്ട് തന്നെ സാധാരണ ജീവിതത്തിൽ മലയാളി പൊതുസമൂഹം ഉപയോഗിക്കാത്ത, മനസ്സിലാക്കാൻ പ്രയാസമുള്ള വാചകങ്ങളും ഉത്തരവിലുണ്ട്. ഉത്തരവ് മലയാളത്തിലും പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ഇംഗ്ലീഷ് വിധിന്യായത്തിനാകും നിയമ സാധുതയെന്ന് വ്യക്തമാക്കിയിട്ടുണ്ട്.