മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത് തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
കാസര്‍കോട്: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത് തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വിവാഹമോചനം മുസ് ലിം നടത്തിയാല്‍ ജയിലില്‍ അടക്കണമെന്ന നയം തെറ്റാണെന്നും പിണറായി വ്യക്തമാക്കി.
സി.പി.എം ജനകീയ പ്രതിരോധ ജാഥക്ക് കാസര്‍കോട്ട് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ഒരു നിയമ സംവിധാനമാണ് വേണ്ടത്. എന്നാല്‍, ഒരു മതവിശ്വാസിക്ക് ഒരു നിയമവും മറ്റൊരാള്‍ക്ക് വേറൊരു നിയമവുമാണ് കേന്ദ്രം നടപ്പാക്കുന്നത്. വിവാഹമോചനം എല്ലാ വിഭാഗത്തിലും നടക്കുന്നുണ്ട്. അതെല്ലാം സിവില്‍ കേസ് ആയാണ് കൈകാര്യം ചെയ്യുന്നത്. ഇത് മുസ് ലിമിന് മാത്രം ക്രിമിനല്‍ കുറ്റമാകുന്നു. വിവാഹ മോചനത്തിന്‍റെ പേരില്‍ മുസ് ലിമായാല്‍ ജയിലില്‍ അടക്കണമെന്നതാണ് ഒരു ഭാഗമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
ഒരാള്‍ക്ക് ഇന്ത്യന്‍ പൗരത്വം കിട്ടിയത് പ്രത്യേക മതത്തില്‍ ജനിച്ചത് കൊണ്ടാണ് പറയാനാവില്ല. നമ്മള്‍ ഈ മണ്ണിന്‍റെ സന്തതിയും രാജ്യത്തെ പൗരനുമാണ്. പൗരത്വത്തിന് ഏതെങ്കിലും ഘട്ടത്തില്‍ മതം ഒരു അടിസ്ഥാനമായി വന്നിട്ടുണ്ടോ?. പൗരത്വത്തിന് മതം അടിസ്ഥാനമാക്കുകയല്ലേ കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്നും പിണറായി ചോദിച്ചു.
പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ല. നിയമം ഭരണഘടനാ അനുസൃതമാകണം. അത്തരം കാര്യങ്ങള്‍ നടപ്പാക്കാനാണ് നിലനില്‍ക്കുന്നത്. ഭരണഘടനാ അനുസൃതമായ നിയമങ്ങളെ ഭാവിയിലും നടപ്പാക്കുകയുള്ളൂവെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.