അച്ഛനെഴുതിയ ആര്‍എസ്എസിനെക്കുറിച്ചുള്ള സ്ക്രിപ്റ്റ്, പലയിടത്തും കരഞ്ഞുപോയി: രാജമൗലി
ഹൈദരാബാദ്: രാഷ്ട്രീയ സ്വയം സേവക് സംഘത്തെക്കുറിച്ച് ബാഹുബലി, ആർആർആർ തുടങ്ങിയ വലിയ ചിത്രങ്ങളുടെ രചന നിർവഹിച്ച വിജയേന്ദ്ര പ്രസാദ് എഴുതുന്ന സിനിമ വരുന്നു എന്നത് മുൻപേ വാർത്തയായിരുന്നു. വിജയേന്ദ്ര പ്രസാദ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിയുടെ പിതാവാണ് വിജയേന്ദ്ര പ്രസാദ്.
ഒരു അന്താരാഷ്ട്ര പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ രാജമൗലി ഇപ്പോൾ തന്‍റെ പിതാവ് വിജയേന്ദ്ര പ്രസാദിന്‍റെ ആർഎസ്എസിനെക്കുറിച്ചുള്ള സിനിമയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. സിനിമയുടെ തിരക്കഥ വായിച്ച ശേഷം അതിലെ ഇമോഷൻ കാരണം പലയിടത്തും കരഞ്ഞുവെന്ന് ആർആർആർ സംവിധായകൻ പറയുന്നു.
“എനിക്ക് ആർഎസ്എസിനെ കുറിച്ച് കൂടുതൽ അറിയില്ല. ഞാൻ ഈ സംഘടനയെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ അത് എങ്ങനെ വന്നു, അവരുടെ വിശ്വാസങ്ങൾ എന്താണ്, അവർ എങ്ങനെ വികസിച്ചു എന്നതിനെക്കുറിച്ച് ഒന്നും എനിക്കറിയില്ല. പക്ഷേ എന്റെ അച്ഛന്‍റെ തിരക്കഥ ഞാൻ വായിച്ചിട്ടുണ്ട്. ഇത് വളരെ വൈകാരികമാണ്. ആ സ്ക്രിപ്റ്റ് വായിച്ചപ്പോൾ ഞാൻ പലതവണ കരഞ്ഞു, ആ തിരക്കഥ എന്നെ കരയിപ്പിച്ചു, പക്ഷേ എന്‍റെ ഈ വൈകാരിക പ്രതികരണത്തിന് കഥയുടെ ചരിത്ര പശ്ചാത്തലവുമായി യാതൊരു ബന്ധവുമില്ല”.
“ഞാൻ വായിച്ച തിരക്കഥ വളരെ വൈകാരികവും വളരെ മികച്ചതുമാണ്. പക്ഷേ അത് സമൂഹത്തെ എങ്ങനെ കാണുന്നു എന്നത് എനിക്കറിയില്ല. ഇത് പറയുമ്പോള്‍ എന്റെ അച്ഛൻ എഴുതിയ തിരക്കഥ ഞാൻ സംവിധാനം ചെയ്യുമോ? എന്ന് ചോദിച്ചേക്കാം. ഒന്നാമതായി ഈ സിനിമ എങ്ങനെ നടക്കും എന്ന് എനിക്കറിയില്ല. കാരണം അച്ഛൻ മറ്റേതെങ്കിലും സംവിധായകര്‍ക്കോ അല്ലെങ്കിൽ നിർമ്മാതാവിനു വേണ്ടിയാണോ ഈ സ്‌ക്രിപ്റ്റ് എഴുതിയതെന്ന് എനിക്ക് ഉറപ്പില്ല. അതിനാല്‍ ഈ ചോദ്യത്തിന് എനിക്ക് കൃത്യമായ ഉത്തരമില്ല. ആ കഥ സംവിധാനം ചെയ്യാൻ അവസരം ലഭിച്ചാല്‍ അതൊരു ബഹുമതി തന്നെയാണ്”, രാജമൗലി പറഞ്ഞു.