ആലപ്പുഴ ബീച്ചില്‍ എത്തുന്ന സഞ്ചാരികളെ കടലില്‍ ഇറക്കി ലൈഫ് ഗാര്‍ഡുമാര്‍ നിശ്ചിത തുക വാങ്ങുന്നതായി പരാതി
ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ എത്തുന്ന സഞ്ചാരികളെ കടലില്‍ ഇറക്കി ലൈഫ് ഗാര്‍ഡുമാര്‍ നിശ്ചിത തുക വാങ്ങുന്നതായി പരാതി.ജോലിക്കെത്തിയശേഷം ബീച്ചില്‍ ചുറ്റിത്തിരിയുന്നതിനൊപ്പമാണ് അനധികൃത പാക്കേജ് നടപ്പാക്കുന്നത്. ലൈഫ് ഗാര്‍ഡിന് പണംനല്‍കിയാല്‍ ലൈഫ് ബോയയില്‍ പിടിച്ച് 10 മിനിറ്റ് കടലില്‍ നീന്താം.സഞ്ചാരികള്‍ കൂടുതല്‍ എത്തുന്ന അവധിദിവസങ്ങളിലാണ് കൂടുതലായും പണം വാങ്ങുന്നുവെന്ന് പരാതി.
കടപ്പുറത്ത് രണ്ട് ബാച്ചുകളിലാണ് ലൈഫ് ഗാര്‍ഡുമാര്‍ ജോലിക്കെത്തുന്നത്. ഇതില്‍ ഒരുബാച്ചില്‍പ്പെട്ട രണ്ട് പേര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. ബീച്ചില്‍ എത്തുന്നവരുടെ സുരക്ഷക്ക് വിനോദസഞ്ചാര വകുപ്പാണ് ലൈഫ് ഗാര്‍ഡുകളെ നിയോഗിച്ചിട്ടുള്ളത്.
നിയമപ്രകാരം ബീച്ചില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കടലില്‍ ഇറങ്ങുന്നതിന് അനുവാദമില്ല. ഏതെങ്കിലും ആളുകള്‍ തിരയടിച്ച് കടലില്‍ വീണാല്‍ ഇവരെ രക്ഷപ്പെടുത്തുകയാണ് ലൈഫ് ഗാര്‍ഡിന്‍റെ ചുമതല. ഇവര്‍ തന്നെ നിയമവിരുദ്ധമായി നീന്താന്‍ സഞ്ചാരികളില്‍നിന്ന് പണം വാങ്ങിയാണ് കടലില്‍ ഇറക്കുന്നത്.
സംഭവത്തില്‍ ലൈഫ് ഗാര്‍ഡുമാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ല കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ പറഞ്ഞു. ഇതുസംബന്ധിച്ച് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്തിയെന്നും നിജസ്ഥിതി മനസ്സിലാക്കാന്‍ വിനോദസഞ്ചാര വകുപ്പിനോട് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും കലക്ടര്‍ പറഞ്ഞു.