സിസിഎൽ; ഉണ്ണി മുകുന്ദന്‍ നയിക്കും, കേരള സ്ട്രൈക്കേഴ്സ് തെലുങ്ക് വാരിയേർസിനെതിരെ
റായ്പൂർ: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണിലെ കേരള സ്ട്രൈക്കേഴ്സിൻ്റെ ആദ്യ മത്സരം ആരംഭിച്ചു. റായ്പൂരിലാണ് മത്സരം. തെലുങ്ക് താരങ്ങളുടെ ടീമായ തെലുങ്ക് വാരിയേഴ്സാണ് എതിരാളികൾ. എന്നാൽ ടീമിന്‍റെ ക്യാപ്റ്റനും ബ്രാൻഡ് അംബാസഡറുമായ കുഞ്ചാക്കോ ബോബൻ ഇന്നത്തെ മത്സരത്തിൽ പങ്കെടുക്കില്ല. പകരം ഉണ്ണി മുകുന്ദൻ സ്റ്റാൻഡിങ് ക്യാപ്റ്റനായി ടീമിനെ നയിക്കും. ടീമിന് പിന്തുണ അഭ്യർത്ഥിച്ചുള്ള ഉണ്ണി മുകുന്ദന്‍റെ വീഡിയോ സി 3 കേരള സ്ട്രൈക്കേഴ്സ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു.
ഇന്ദ്രജിത്ത് എസ്, ആസിഫ് അലി, സൈജു കുറുപ്പ്, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദൻ, രാജീവ് പിള്ള, അർജുൻ നന്ദകുമാർ, വിവേക് ഗോപൻ, മണിക്കുട്ടൻ, സിജു വിൽസൺ, ഷഫീഖ് റഹ്മാൻ, വിനു മോഹൻ, പ്രശാന്ത് അലക്സാണ്ടർ, നിഖിൽ മേനോൻ, സഞ്ജു ശിവറാം, പ്രജോദ് കലാഭവൻ, ആന്‍റണി പെപ്പെ, സിദ്ധാർത്ഥ് മേനോൻ, ജീൻ പോൾ ലാൽ എന്നിവരാണ് കേരള ടീമിലെ അംഗങ്ങൾ.
ഇവരിൽ ഭൂരിഭാഗവും ഓൾറൗണ്ടർമാരാണെന്നതാണ് കേരള സ്ട്രൈക്കർമാർക്ക് മേൽക്കൈ നൽകുന്ന ഘടകം. അതേസമയം, അഖിൽ അക്കിനേനിയുടെ നേതൃത്വത്തിലാണ് തെലുങ്ക് താരങ്ങളെത്തുന്നത്. സച്ചിൻ ജോഷി, അശ്വിൻ ബാബു, ധരം, ആദർശ്, നന്ദ കിഷോർ, നിഖിൽ, രഘു, സമ്രത്, തരുൺ, വിശ്വ, പ്രിൻസ്, സുശാന്ത്, ഖയ്യൂം, ഹരീഷ് എന്നിവരാണ് ടീമിലെ അംഗങ്ങൾ. തെലുങ്ക് വാരിയേഴ്സിന്‍റെ സീസണിലെ ആദ്യ മത്സരമാണ് ഇന്ന്.