ഇടുക്കിയില്‍ കാട്ടുതീ. നെടുങ്കണ്ടത്തിന് സമീപം കല്‍കൂന്തലില്‍ ജോഷി എന്നയാളുടെ രണ്ടര ഏക്കര്‍ ഏലത്തോട്ടം കത്തി നശിച്ചു
ഇടുക്കി: വേനല്‍ കടുത്തതോടെ ഇടുക്കിയില്‍ കാട്ടുതീ പടര്‍ന്ന് പിടിയ്ക്കുന്നു. വ്യത്യസ്‌ത സംഭവങ്ങളിലായി നെടുങ്കണ്ടത്ത് ഏക്കറ് കണക്കിന് പുല്‍മേടും കൃഷി ഭൂമിയും കത്തി നശിച്ചു. നാട്ടുകാര്‍ ജാഗ്രത പാലിയ്ക്കണമെന്ന് അഗ്നിശമന സേന വിഭാഗം മുന്നറിയിപ്പ് നല്‍കി.
നെടുങ്കണ്ടത്തിന് സമീപം കല്‍കൂന്തലിലും കൈലാസപ്പാറയിലുമാണ് തീപടര്‍ന്നത്. കല്‍കൂന്തലില്‍ വട്ടമല ജോഷിയുടെ ഉടമസ്ഥതയിലുള്ള രണ്ടര ഏക്കര്‍ ഏലത്തോട്ടം കത്തി നശിച്ചു. ഏലച്ചെടികള്‍ക്ക് പുറമെ കൃഷിയിടത്തില്‍ ജലസേചനത്തിനായി സ്ഥാപിച്ചിരുന്ന ഹോസുകളും നൂറിലധികം കുരുമുളക് ചെടികളും കാട്ടുതീയില്‍ നശിച്ചിട്ടുണ്ട്.
ലക്ഷകണക്കിന് രൂപയുടെ നഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. കൈലാസപ്പാറയില്‍ ഏക്കറ് കണക്കിന് പുല്‍മേട് കത്തി നശിച്ചു. സമീപത്തെ കൃഷിയിടങ്ങളിലേക്ക് തീ വ്യാപിയ്ക്കാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വേനല്‍ ശക്തമായതിനാല്‍ കാട്ടു തീ പടരാന്‍ സാധ്യതയുള്ള മേഖലകളില്‍ കഴിയുന്നവര്‍ ജാഗ്രത പാലിയ്ക്കണമെന്ന് അഗ്നിശമന സേന വിഭാഗം അറിയിച്ചു.
വേനല്‍ക്കാലത്ത് നെടുങ്കണ്ടം, രാമക്കല്‍മേട് മേഖലകളിലെ മൊട്ടക്കുന്നുകളില്‍ തീ വ്യാപിയ്ക്കുന്നത് പതിവാണ്. കുറ്റിക്കാടുകള്‍ക്ക് ചിലര്‍ തീയിടുന്നത് വന്‍ ദുരന്തത്തിന് ഇടയാക്കാറുണ്ട്. വേനലിനൊപ്പം ശക്തമായ കാറ്റും ഉള്ളതിനാല്‍ തീ പടര്‍ന്നാല്‍ ദുരന്ത സാധ്യത വര്‍ധിക്കും.
വീടുകള്‍, കൃഷിയിടങ്ങള്‍ എന്നിവയ്‌ക്ക് ചുറ്റും മൂന്ന് മീറ്റര്‍ ഫയര്‍ ലൈന്‍ ഒരുക്കണമെന്നും വെള്ളം കരുതണമെന്നും അഗ്നിശമന സേന വിഭാഗം മുന്നറിയിപ്പ് നല്‍കി.