പെരുമഴയിൽ കുതിച്ചുയര്‍ന്ന് പച്ചക്കറി വില
സംസ്ഥാനത്ത് മഴയ്ക്കൊപ്പം പച്ചക്കറി വിപണിയിലും വൻ കുതിച്ചു കയറ്റം.
ഒരുമാസം മുന്‍പ് കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന വെള്ളരിക്ക് വില 45-ലെത്തി.
25 രൂപയുണ്ടായിരുന്ന കക്കിരി വില 50 ൽ ആണ് നിൽക്കുന്നത്.
18 രൂപവരെ വില താഴോട്ടുപോയിരുന്ന തക്കാളിയുടെ വില 35-ലേക്ക് കുതിച്ചു.
കഴിഞ്ഞ ദിവസം വരെ 20 രൂപയായിരുന്നു തക്കാളി വില.
ചേനവില 80-ല്‍ തുടരുമ്പോൾ ഒരു കിലോ കയ്പയുടെ വില 75-ലെത്തി.
40 രൂപ വിലയുണ്ടായിരുന്ന വഴുതന 50-ലെത്തി. വെണ്ടവില 10 രൂപകൂടി 60-ലേക്കും എത്തിയത് ആശങ്ക വർധിപ്പിക്കുന്നു.
അതേസമയം മുരിങ്ങക്കായ, പച്ചക്കായ വിലയില്‍ മാത്രമാണ് അല്‍പം ആശ്വാസമുള്ളത്.
മൂന്നുമാസം മുന്‍പ് കിലോയ്ക്ക് 50 രൂപവരെ ഉയര്‍ന്ന മുരിങ്ങയ്ക്ക് വില ഇപ്പോഴും 50 രൂപയിൽ തുടരുകയാണ്.
കറിക്കായ വില 30-നും 40-നുമിടയിലാണ്. കിഴങ്ങുവര്‍ഗങ്ങളില്‍ ഉരുളകിഴങ്ങ് (35രൂപ), കപ്പ (30രൂപ), മധുരക്കിഴങ്ങ് (35) വിലയില്‍ മാറ്റമില്ല.
നാടന്‍ പച്ചക്കറി വിപണിയിലെ വില ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇടവിട്ടുള്ള മഴയും വെയിലുമുള്ള കാലാവസ്ഥയാണ് മഴക്കാല പച്ചക്കറി കൃഷിക്ക് അനിവാര്യം.
എന്നാല്‍ ഇത്തവണ മഴ തുടങ്ങിയശേഷം ചെറിയ ഇടവേളയില്‍പ്പോലും വെയില്‍ ലഭിച്ചിരുന്നില്ല.













































































